
/topnews/kerala/2024/02/12/the-minister-directed-to-ensure-better-treatment-for-injured-in-trippunithura-blast
കൊച്ചി: തൃപ്പൂണിത്തുറയിലെ ഉഗ്രസ്ഫോടനത്തില് പരിക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന് നിര്ദേശം നല്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. ആരോഗ്യവകുപ്പ് ഡയറക്ടര്ക്കാണ് നിര്ദേശം നല്കിയത്. കളമശ്ശേരി മെഡിക്കല് കോളേജിലും എറണാകുളം ജനറല് ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്പ്പെടുത്താന് ജില്ലാ മെഡിക്കല് ഓഫീസര് നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആശുപത്രിയിലും കൂടുതല് സൗകര്യങ്ങളൊരുക്കാന് നിര്ദേശം നല്കിയിട്ടുണ്ട്. ആവശ്യമെങ്കില് കൂടുതല് കനിവ് 108 ആംബുലന്സുകള് വിന്യസിക്കാനും നിര്ദേശം നല്കിയിട്ടുണ്ട്.
തൃപ്പൂണിത്തുറയില് ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില് ഒരാള് മരിക്കുകയും പതിനാല് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാല് അപകടത്തിന്റെ വ്യാപ്തി വര്ധിച്ചേക്കാമെന്നാണ് ആശങ്ക. 25 വീടുകള് പൂര്ണമായോ ഭാഗികമായോ തകര്ന്നിട്ടുണ്ട്. ഇതില് നാല് വീടുകളുടെ മേല്ക്കൂര തകര്ന്നു. മൂന്ന്, നാല് കിലോമീറ്റര് ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് ലഭിക്കുന്ന വിവരം.
തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതില് പടക്കം ശേഖരിച്ചിരുന്നു. രണ്ട് യൂണിറ്റ് ഫയര്ഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. വാഹനത്തില് നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില് നിന്നുണ്ടായ സ്പാര്ക്കില് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.