പുതിയകാവ് സ്ഫോടനം; ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്

ആദർശിൻ്റെ അമ്മയ്ക്കാണ് ലൈസൻസ് ഉണ്ടായിരുന്നത്

dot image

കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ കരാറുകാരൻ ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്. ആദർശിൻ്റെ അമ്മയ്ക്കാണ് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ അമ്മ ആനന്ദവല്ലി അടുത്തിടെ മരിച്ചു. ലൈസൻസിനായാണ് ആദർശ് ഗോഡൗൺ വാടകയ്ക്ക് എടുത്തതെന്നാണ് വിവരം.

വെടിക്കെട്ട് നടത്താൻ തിരുവനന്തപുരം ശാസ്തവട്ടം സ്വദേശിയായ ആദർശാണ് കരാർ എടുത്തത്.ശാസ്തവട്ടം മടവൂർ പാറയിലുള്ള ഇയാളുടെ രണ്ട് ഗോഡൗണുകളിൽ പരിശോധന നടത്തി. ഇവിടെയുള്ള പടക്ക നിർമ്മാണശാല പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയായിരുന്നുവെന്നാണ് കണ്ടെത്തൽ. ആറുമാസങ്ങൾക്കു മുൻപ് അമ്മ മരിച്ചതോടെ ലൈസൻസ് റദ്ദായി. ഇത് മറച്ചുവെച്ചാണ് ആദർശും സഹോദരനും പടക്ക നിർമ്മാണം തുടർന്നത്. ലൈസൻസ് നേടാൻ വേണ്ടിയാണ് ഇവർ ഗോഡൗണുകൾ വാടകയ്ക്ക് എടുത്തതെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവം നടന്നതിനു തൊട്ട് പിന്നാലെ ഇയാളുടെ സഹായികൾ വൻതോതിൽ വെടിമരുന്നു ശേഖരം ഗോഡൗണിൽ നിന്ന് മാറ്റിയതായും പൊലീസ് വ്യക്തമാക്കി. ഗോഡൗണിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് വലിയ ഗുണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഇവിടെ നിന്ന് കഞ്ചാവ് ശേഖരവും പോലീസ് പിടികൂടി.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില് ഒരാള് മരിച്ചു. 16 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുപറ്റി. നാല് വീടുകളുടെ മേൽക്കൂര തകർന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

അതേസമയം, പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്തു. ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തിട്ടുണ്ട്. എക്സ്പ്ലോസീവ് ആക്ട് പ്രകാരം ഹിൽപാലസ് പൊലീസാണ് കേസെടുത്തത്. ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവ കമ്മിറ്റി എന്നിവർക്കെതിരെയാണ് കേസ്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി തേടിയിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ് റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു. പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണ്. പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നൽകുകയെന്നും ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

dot image
To advertise here,contact us
dot image