
അടിമാലി: ക്ഷേമ പെന്ഷന് ലഭിക്കാത്തതില് പ്രതിഷേധിച്ച വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ. പെൻഷൻ കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് ഒരാൾക്ക് 1600 രൂപ പെൻഷനും ഭക്ഷ്യ കിറ്റും നൽകും. ബിജെപി പ്രവർത്തകരും ഒരു മാസത്തെ പെൻഷനും ഭക്ഷ്യ കിറ്റും ദമ്പതികൾക്ക് കൈമാറി. അതേസമയം സിപിഐഎം പ്രവർത്തകർ നേരിട്ടെത്തി പ്രതിഷേധത്തിന്റെ ഫ്ലക്സ് ബോർഡ് എടുത്ത് മാറ്റാൻ ആവശ്യപ്പെടുകയും അതിനായി 1000 രൂപ നൽകിയെന്നും എന്നാൽ തങ്ങൾ അത് നിഷേധിക്കുകയായിരുന്നുവെന്നും പ്രതിഷേധത്തിലിരിക്കുന്ന വൃദ്ധ ദമ്പതികൾ റിപ്പോർട്ടറിനോട് പറഞ്ഞു.
നിരവധി കുടുംബങ്ങളാണ് ഇത്തരത്തില് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഗവൺമെന്റിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അടിയന്തിരമായി പരിഹാരമുണ്ടാക്കാം എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു.
അതേസമയം, ജനകീയ മനസാക്ഷിയെ ഞെട്ടിക്കുന്ന വലിയ പ്രതിഷേധമാണ് നടക്കുന്നതെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. മറ്റ് മാർഗമില്ലാതെ സാധാരണക്കാർ പ്രതിഷേധവുമായി കടന്നു വരികയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച എത്ര മുന്നറിയിപ്പ് ലഭിച്ചാലും തീർത്തും ജനവിരുദ്ധ നയമവുമായി മുൻപോട്ട് പോവുകയാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം. യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നിയമ സംവിധാനങ്ങൾക്ക് മുന്നിൽ ഇക്കാര്യം ഞങ്ങൾ അവതിരിപ്പിക്കും. അവർക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്നും ഡീൻ കുര്യാക്കോസ് എംപി റിപ്പോർട്ടറിനോട് വ്യക്തമാക്കി.