
May 16, 2025
05:55 PM
തിരുവനന്തപുരം: യുഡിഎഫിന്റെ സീറ്റ് വിഭജനം ഈ മാസം 14ന് പൂര്ത്തിയാകുമെന്ന് യുഡിഎഫ് കണ്വീനര് എം എം ഹസ്സന്. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില് ചര്ച്ച നടത്തിയെന്നും 14ന് അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ലീഗിന്റേത് സമ്മര്ദ്ദതന്ത്രമാണോ എന്ന ചോദ്യത്തിന്, അക്കാര്യം അവരോടാണ് ചോദിക്കേണ്ടതെന്നായിരുന്നു ഹസ്സന്റെ മറുപടി. 'സമ്മര്ദ്ദത്തിന് നിങ്ങള് കല്പ്പിക്കുന്ന ഗൗരവമേയുള്ളൂ' എന്നാണ് കോണ്ഗ്രസ് കൂളാണല്ലോ എന്ന ചോദ്യത്തിന് മറുപടിയായി ഹസ്സന് പറഞ്ഞത്. മുഖ്യമന്ത്രിയെ പോലയാണ് തങ്ങളും. ഇത്രയും വലിയ ആരോപണങ്ങളും സമ്മര്ദ്ദങ്ങളും വരുമ്പോഴും മുഖ്യമന്ത്രി എത്ര കൂളായാണ് നേരിടുന്നതെന്നും എം എം ഹസ്സന് പരിഹസിച്ചു.
കേന്ദ്രനയങ്ങള്ക്കെതിരായ കേരള സര്ക്കാര് സമരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം എന്നാണ് എം എം ഹസ്സന് വിശേഷിപ്പിച്ചത്. ഏഴ് വര്ഷമായി പിണറായി മുഖ്യമന്ത്രിയാണ്. ആദ്യമായാണ് ഡല്ഹിയില് സമരം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നികുതി പിരിക്കുന്നതില് സര്ക്കാര് അലസത കാട്ടി. നികുതി കൃത്യമായി പിരിച്ചിരുന്നെങ്കില് സാമ്പത്തിക പ്രതിസന്ധി ഒഴിവാകുമായിരുന്നുവെന്ന് പറഞ്ഞ ഹസ്സന്, പ്രതിപക്ഷത്തെ സമരത്തിന് ക്ഷണിച്ചത് കല്യാണത്തിന് വിളിക്കുന്നത് പോലെയാണെന്നും പരിഹസിച്ചു. സമരത്തിന് വരുന്നുണ്ടെങ്കില് വരാം എന്നായിരുന്നു നിലപാട്. കേന്ദ്രത്തെ വിമര്ശിക്കുന്നതിനേക്കാള് പ്രതിപക്ഷത്തെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്ശിക്കുന്നതെന്നും എം എം ഹസ്സന് കൂട്ടിച്ചേര്ത്തു.
'സര്ക്കാരിന്റെ ഡല്ഹി സമരം തിരഞ്ഞെടുപ്പ് പ്രചാരണം'; എം എം ഹസ്സന്