
കാസര്കോട്: കാസര്കോട് കുന്നുംകൈയിലെ ഏഴാം ക്ലാസുകാരന് മാജിദിന് വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമാകുന്നു. റിപ്പോര്ട്ടര് പുറത്തുവിട്ട വാര്ത്തയ്ക്ക് പിന്നാലെയാണ് നടപടി. 'മാജിദിന് ഒരു വീട്' എന്ന പേരില് ഭവന നിര്മ്മാണ കമ്മറ്റി രൂപീകരിച്ചു. 4 മാസത്തിന് ഉളളില് വീടിന്റെ നിര്മ്മാണം പൂര്ത്തിയാകും.
അടച്ചുറപ്പില്ലാത്ത വീട്ടില് കഴിയുന്ന, കുടുംബത്തിന് കൈത്താങ്ങായി കടല വില്പ്പന നടത്തുന്ന മാജിദിന്റെ ജീവിതം റിപ്പോര്ട്ടര് പ്രേക്ഷകരെ അറിയിച്ചത് ജനുവരി 31 നാണ്. വാര്ത്തയ്ക്ക് പിന്നാലെ നിരവധി സുമനസുകളും സംഘടനകളും മാജിദിന് സഹായഹസ്തവുമായി രംഗത്തെത്തി.
കുന്നുംകൈ യുപി സ്കൂളിലെ പിടിഎയുടെ നേതൃത്വത്തില് ജനകീയ പ്രതിനിധികളും നാട്ടുകാരും ചേര്ന്നാണ് 'മാജിദിന് ഒരു വീട്' എന്ന പേരില് കമ്മിറ്റി രൂപീകരിച്ചത്. മാജിദിന്റെ വീടെന്ന സ്വപ്നം നാലു മാസത്തിനകം പൂര്ത്തിയാക്കുമെന്ന് തീരുമാനമെടുത്താണ് കമ്മിറ്റി പിരിഞ്ഞത്. റോഡരികിലെ 3 സെന്റ് ഭൂമിയില് മാജിദിന് വീടൊരുങ്ങുന്നത്. വീട് നിര്മ്മാണം പൂര്ത്തിയാകുന്നത് വരെ മാജിദിനും കുടുംബത്തിനും സുരക്ഷിതമായി താമസിക്കാന് കമ്മിറ്റി വാടക ക്വാര്ട്ടേഴ്സും കമ്മിറ്റി മുന്കൈ എടുത്ത് ഏര്പ്പാടാക്കിയിട്ടുണ്ട്.