
/topnews/kerala/2024/02/03/k-krishnankutty-blamed-farmers-who-are-struggling-on-the-parambikulam-aliayar-water-issue
പാലക്കാട്: പറമ്പിക്കുളം-ആളിയാർ ജലപ്രശ്നത്തിൽ സമരം ചെയ്യുന്ന കർഷകരെ കുറ്റപ്പെടുത്തി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്കുട്ടി. കൃഷി രീതിയിലെ പ്രശ്നമാണ് സ്ഥിതി മോശമാക്കിയത്. വിളയിറക്കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. എപ്പോഴായാലും വെള്ളം ലഭിക്കുമല്ലോ എന്നാണ് കർഷകർ കരുതിയത്. മഴ കുറഞ്ഞത് ബാധിച്ചുവെന്നും വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
150 ക്യൂ സെസ് വെള്ളമാണ് പറമ്പികുളം - ആളിയാർ കരാർ മൂലം ലഭിക്കേണ്ടത്. വെള്ളത്തിനായി ശക്തമായി നടത്തിയ ഇടപെടലിൽ 250 ക്യൂ സെസ് വെള്ളം വിട്ടുകിട്ടാൻ ധാരണയായി. പുതിയ സാഹചര്യത്തിൽ ഉണക്ക് ഭീഷണിയില്ലാതെ കർഷകർക്ക് കൃഷി ചെയ്യാൻ സാധിക്കുമെന്നും മാർച്ച് മാസം വരെ ഇത് തുടരുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരും ചീഫ് സെക്രട്ടറിയും വിഷയത്തിൽ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് കൂടുതൽ ജലം വിട്ടു തരാൻ തമിഴ്നാട് തീരുമാനിച്ചതെന്നും പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് തീരുമാനിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.