
തിരുവനന്തപുരം: എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിരെന്ന് മുൻമന്ത്രി എ കെ ബാലൻ. കേന്ദ്ര ഏജൻസികൾ എന്ത് പരിഹാസ്യമാണ് കാട്ടികൂട്ടുന്നതെന്നും ബാലൻ ചോദിക്കുന്നു.
'ഇവർ എന്താണ് കാട്ടികൂട്ടുന്നത്. കോടതിയുടെ പരിഗണനയുള്ള കേസിൽ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക. ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണെന്നും ഈ ഗൂഢാലോചനക്ക് പിന്നിൽ ചില വ്യക്തികൾ ഉണ്ടെന്നും അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ടെന്നും ബാലൻ പറഞ്ഞു. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായി ഒരു നോട്ടീസ് പോലും ഹൈക്കോടതി അയച്ചിട്ടില്ല. ഇതിൽ തട്ടിപ്പ് നടന്നിട്ടില്ല എന്ന് ഹൈകോടതി തന്നെ പറഞ്ഞതാണ്. പിന്നെ ഏത് സാഹചര്യത്തിലാണ് ഈ അന്വേഷണമെന്നും', ബാലൻ ചോദിച്ചു.
വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നേരത്തെ പറഞ്ഞിരുന്നു. സിബിഐയേക്കാള് വലുതല്ലായെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില് കൂടുതല് പ്രതികരിക്കാന് എം വി ഗോവിന്ദന് തയ്യാറായില്ല.
എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.