
May 14, 2025
07:28 PM
തിരുവനന്തപുരം: കെ റെയിൽ അട്ടിമറിക്കാൻ വി ഡി സതീശൻ വാങ്ങിയ കൈക്കൂലി മൂന്ന് തവണയായി കണ്ടെയ്നറുകളിലാണ് കേരളത്തിലെത്തിയതെന്ന് പി വി അൻവർ എംഎൽഎ. വൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോടികളുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷ നേതാവിനെതിരെ പി വി അൻവർ ഉന്നയിച്ചത്. 150 കോടി രൂപ കൈക്കൂലി വാങ്ങിയ വി ഡി സതീശൻ ഈ പണം കർണാടകയിൽ നിന്ന് കേരളത്തിലെത്തിച്ചത് അതിവിദഗ്ധമായെന്നും പി വി അൻവർ ആരോപിച്ചു.
മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട്ടെ ചേറ്റുവ കടപ്പുറത്താണ് എത്തിച്ചത്. കടപ്പുറത്തെത്തിയ പണം ചാവക്കാട് നിന്ന് ആംബുലൻസിൽ കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും അൻവർ ആരോപിച്ചു. സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകൾ പരിശോധിക്കണമെന്നും നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ അൻവർ പറഞ്ഞു.
എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും പി വി അൻവർ ആരോപണം ഉന്നയിച്ചു. കോര്പ്പറേറ്റ് കമ്പനികള് വേണുഗോപാലുമായി ഗൂഢാലോചന നടത്തി ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനെ ഏല്പ്പിക്കുകയായിരുന്നു. ശ്രമം വിജയിച്ചാല് കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു സതീശന് മുന്നിൽ വച്ചിരുന്ന ഓഫര്. തിരഞ്ഞെടുപ്പില് കോണ്ഗ്രസിനെ വിജയിപ്പിക്കാന് എത്ര പണം മുടക്കാനും കമ്പനികൾ തയ്യാറായിരുന്നുവെന്നും പി വി അൻവർ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സതീശനെതിരെയുള്ള ഗുരുതര ആരോപണങ്ങളെന്നത് ശ്രദ്ധേയമാണ്. നിയമസഭയിലാണ് അൻവർ ഇത്തരമൊരു അഴിമതി ആരോപണം ഉന്നയിച്ചതെന്നതും വിഷയത്തെ ഗൗരവതരമാക്കുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ മികച്ച വിജയം നേടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ വരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ വികസന പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിക്കുന്നത്.
എന്നാൽ ആരോപണത്തെ പരിഹസിച്ച് തള്ളുകയായിരുന്നു വി ഡി സതീശൻ. ഭരണപക്ഷത്തിന്റെ ഗതികേടിനെയോർത്ത് താൻ കരയണോ അതോ ചിരിക്കണോ എന്ന പരിഹാസത്തോടെയായിരുന്നു സഭയിൽ സതീശൻ്റെ മറുപടി. ഇത്തരമൊരു ആരോപണം സഭയിൽ ഉന്നയിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതിൽ സഹതാപമുണ്ട്. തനിക്കെതിരെ ഉന്നയിച്ച ആരോപണം രേഖയിൽ തന്നെ കിടക്കട്ടെ. എന്നാൽ കെ സി വേണു ഗോപാലിൻ്റെ കാര്യം എഴുതി കൊടുക്കാതെ ഉന്നയിച്ചതാണ്. അത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെയും കാര്യങ്ങൾ ഉന്നയിക്കുന്ന എംഎൽഎമാർ ഉണ്ടന്ന് ഇനി വരുന്നവർ പഠിക്കട്ടെയെന്നും തനിക്കെതിരായ ആരോപണം നീക്കം ചെയ്യേണ്ടന്ന നിലപാടിനോട് ചേർത്ത് വി ഡി സതീശൻ പറഞ്ഞു.