
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണ നൽകാത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകുന്ന വിഹിതം കുറഞ്ഞത് ഒരു കാരണം മാത്രമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണം അഴിമതിയാണെന്നും സതീശൻ വ്യക്തമാക്കി. കേരളം നികുതിവെട്ടിപ്പ്കാരുടെ പറുദീസ ആണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാരിൻ്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് ഡൽഹി സമരം. ഡൽഹിയിൽ പോയി സമരം ചെയ്താൽ അതിന്റെ പുറകെ പോകാൻ വേറെ ആളെ നോക്കിയാൽ മതി. സാമ്പത്തിക പ്രതിസന്ധി കേരളസർക്കാർ ഉണ്ടാക്കിയ കുഴപ്പമെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.
കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള പണത്തെക്കുറിച്ച് സംസ്ഥാനസർക്കാർ ധവളപത്രം ഇറക്കട്ടെ. എല്ലാ രേഖകളും കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കിൽ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തൃശ്ശൂരിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ സെറ്റിൽമെന്റ് ആകും. തൃശ്ശൂരിലെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പാർട്ടി തീരുമാനിക്കുമെന്നും അതുവരെ വരുന്ന ചുവരെഴുത്തുകൾ മായ്ച്ചു കളയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഫെബ്രുവരി എട്ടിന് ഡല്ഹിയില് എല്ഡിഎഫ് സംഘടിപ്പിക്കുന്ന സമരത്തില് യുഡിഎഫ് പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സമരം ഏകപക്ഷീയമായാണ് എല്ഡിഎഫ് പ്രഖ്യാപിച്ചതെന്ന വിലയിരുത്തല് യുഡിഎഫ് യോഗത്തിലുണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സര്ക്കാറും ഉത്തരവാദികളാണെന്നും സമരത്തില് പങ്കെടുത്താല് കേന്ദ്രം മാത്രം കുറ്റക്കാരായി മാറുമെന്നുമായിരുന്നു യുഡിഎഫ് വിലയിരുത്തല്. സംസ്ഥാന സര്ക്കാറിന് ഒഴിഞ്ഞുമാറാന് അവസരമാകുമെന്നും അതിന് അനുവദിക്കരുതെന്നും യുഡിഎഫ് യോഗത്തിൽ ചർച്ച ഉയർന്നു. സമരത്തില് പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ അറിയിക്കാൻ പ്രതിപക്ഷ നേതാവിനെ യോഗം ചുമതലപ്പെടുത്തിയിരുന്നു. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും ചര്ച്ച നടത്തിയ ശേഷമാണ് തീരുമാനം.