കോടതി വിധി കാത്ത് അനിമല് ഒടിടി റിലീസ്; നിര്മ്മാതാക്കള്ക്ക് ഹൈക്കോടതി നോട്ടീസ്

ചിത്രം സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വംഗയാണ്.

dot image

ദില്ലി: രണ്ബീര് കപൂര് ചിത്രം അനിമലിന്റെ ഒടിടി റിലീസ് പ്രതിസന്ധിയില്. ചിത്രത്തിന്റെ നിര്മ്മാണ പങ്കാളിയായ സിനി 1 സ്റ്റുഡിയോ നല്കിയ ഹര്ജി പരിഗണിച്ച് ഹൈകോടതി മറ്റെരു നിര്മ്മാതാവായ ടി സീരിസിനും ഒടിടി അവകാശം നേടിയ നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചു. ജസ്റ്റിസ് സഞ്ജീവ് നരുലയാണ് കേസ് പരിഗണിച്ചത്. മാര്ച്ച് 15 ന് സിനി 1 സ്റ്റുഡിയോസ് ഹാജരാക്കിയ രേഖകള് സംബന്ധിച്ച് എതിര് കക്ഷികള് സത്യവാങ്മൂലം സമര്പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വാദി നല്കിയ രേഖകള്ക്ക് കൃത്യമായ പ്രതികരണം നല്കിയില്ലെങ്കില് പിഴചുമത്തുമെന്നും എതിര് ഭാഗത്തിന് കോടതി മുന്നറിയിപ്പ് നല്കി.

എന്നാല് ജനുവരി 20നകം അനിമല് സിനിമയുടെ ഒടിടി, സാറ്റ്ലൈറ്റ് റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഹര്ജിയില് പ്രതികരിക്കാന് ടി സീരിസ് അടക്കം എതിര് ഭാഗത്തോട് ഹൈക്കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില് ജനുവരി 22ന് വാദം കേള്ക്കും. സിനി 1 സ്റ്റുഡിയോയുടെ വാദം ടി സീരിസുമായുള്ള കരാറില് ചിത്രത്തിന്റെ 35% ലാഭവിഹിതത്തിനും ബൗദ്ധിക സ്വത്തിനും അവകാശമുണ്ടെന്നാണ്. സിനിമയുടെ ലാഭത്തെയും ബൗതിക സ്വത്തവകാശത്തെയും പറ്റിയുള്ള തര്ക്കമാണ് ഇപ്പോള് കോടതിയില് എത്തിയിരിക്കുന്നത്. എന്നാല് ചിത്രത്തിന്റെ വരുമാനം വ്യക്തമാക്കാതെയും കണക്കുകള് കാണിക്കാതെയും ടി സീരിസ് സാമ്പത്തികമായി പറ്റിക്കുന്നുവെന്നാണ് സിനി 1 സ്റ്റുഡിയോ ആരോപിക്കുന്നത്. 2023 ഡിസംബര് ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വംഗയാണ്. രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, ബോബി ഡിയോള് എന്നിവരാണ് മറ്റ് അഭിനേതാക്കള്. ആഗോള ബോക്സോഫീസില് ചിത്രം 900 കോടിയിലധികം കളക്ഷന് നേടിയിരുന്നു.

dot image
To advertise here,contact us
dot image