
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ ചടങ്ങുകളുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമാ മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്ന ചടങ്ങിനെക്കുറിച്ച് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റും അതിന് ഗോകുൽ സുരേഷിന്റെ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുമ്പോൾ സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ച് 'വേറെ ആളെ നോക്ക്' എന്നാണ് ശീതൾ ശ്യാം ഫേസ്ബുക്കിൽ കുറിച്ചത്. 'ചിലർ ഇങ്ങനെയാണ്. പകുതി വിവരങ്ങൾ മാത്രം വിഴുങ്ങി, നെഗറ്റിവിറ്റി ഛർദിക്കുന്നതാണ് അവരുടെ ജോലി,' എന്നാണ് ഗോകുൽ പോസ്റ്റിന് മറുപടി നൽകിയത്. സഹോദരിയുടെ വിവാഹ ദിനമല്ലേ, എന്തിന് ഇത്ര അസ്വസ്ഥപ്പെടുന്നു എന്ന് ശീതളും ഗോകുലിന് മറുപടി നൽകിയിട്ടുണ്ട്. നേരത്തെ തന്നെ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മമ്മൂട്ടി നരേന്ദ്ര മോദിയെ വണങ്ങുന്ന ചിത്രവും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. മോഹൻലാല്, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്ഫത്ത്, ബിജു മേനോൻ, സംയുക്ത വര്മ, ഖുശ്ബു, ജയറാം, പാര്വതി തുടങ്ങി നിരവധി പേര് ഗുരുവായൂര് അമ്പലത്തില് വിവാഹ ചടങ്ങിനായി എത്തിയിരുന്നു. കൂടാതെ തലേദിവസവും മമ്മൂട്ടിയും മോഹന്ലാലും കുടുംബവും ഭാഗ്യയ്ക്ക് അനുഗ്രഹവുമായി എത്തിയിരുന്നു.