
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ മൂന്ന് കെഎസ്യു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് കെഎസ്യു പ്രവർത്തകർ ആരോപിച്ചു. എന്നാൽ കെഎസ്യു പ്രവർത്തകരും മർദ്ദിച്ചുവെന്ന് എസ്എഫ്ഐയും ആരോപിച്ചു.
വൈകിട്ട് നാല് മണിയോടെ അറബിക് ചെയറിന് സമീപത്തുനിന്നാണ് സംഘർഷമുണ്ടായത്. കെഎസ് യു പ്രവർത്തകരെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു എസ്എഫ്ഐ പ്രവർത്തകനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരു കൂട്ടരും എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മഹാരാജാസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെയും സംഘർഷമുണ്ടായിട്ടുണ്ട്.