'കമ്മ്യൂണിസത്തിന്റെ ഈ ഇരട്ടത്താപ്പിനെയാണ് എംടി ചോദ്യം ചെയ്തത്'; കെ സുരേന്ദ്രൻ

'പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായാണ് സഹമന്ത്രിമാർ പോലും വാഴ്ത്തുന്നത്'

dot image

തിരുവനന്തപുരം: ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികൾ ജനസേവനമാണ് ചെയ്യേണ്ടതെന്ന എം ടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

വ്യക്തിപൂജ കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നതാണെന്ന് പറയുമ്പോൾ കേരളത്തിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് വ്യക്തിപൂജ നടത്തുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. കമ്മ്യൂണിസത്തിന്റെ ഈ ഇരട്ടത്താപ്പിനെയാണ് എംടി ചോദ്യം ചെയ്തിരിക്കുന്നത്. എംടിയുടെ ശബ്ദം കേരള ജനത ഏറ്റെടുക്കുമെന്നുറപ്പാണ്. പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായാണ് സഹമന്ത്രിമാർ പോലും വാഴ്ത്തുന്നത്. സൂര്യനായാണ് മുഖ്യമന്ത്രിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശേഷിപ്പിച്ചത്. ഇത് എന്തുതരം കമ്മ്യൂണിസമാണെന്ന് എംടിയെ പോലൊരാൾ ചിന്തിച്ചിട്ടുണ്ടാകും. കടലിലെ വെള്ളം ബക്കറ്റിലെടുത്താൽ ബക്കറ്റിലെ വെള്ളത്തിന് വിലയുണ്ടാവില്ലെന്നും കടലിലെ വെള്ളം കടലിനോട് ചേർന്ന് നിന്നാലേ വിലയുണ്ടാകുകയുള്ളൂവെന്നും വിഎസിനെ ഉപദേശിച്ച പിണറായി ഇപ്പോൾ വെറും ചിരട്ടയിലെ വെള്ളമായി മാറിക്കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

പിണറായി വിജയനെ വേദിയിലിരുത്തി അമിതാധികാരത്തിനെതിരെ രൂക്ഷ വിമർശനവുമായി എം ടി വാസുദേവൻ നായർ

പിണറായി വിജയൻ നടത്തുന്ന അഴിമതിയും ഏകാധിപത്യവും ധൂർത്തും സ്വജനപക്ഷപാതവുമാണ് ലോകം ആദരിക്കുന്ന സാഹിത്യകാരനെ ഈ വിമർശനം നടത്താൻ പ്രേരിപ്പിച്ചതെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മുഖ്യമന്ത്രിയെ ട്രോളുകയാണ് ചെയ്തത്. ഇടത് ചിന്തകർ പോലും എംടിയുടെ പ്രസ്താവനയെ അനുകൂലിച്ചു വന്നിരിക്കുകയാണ്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് എംടിയുടെ വാക്കുകളെന്ന് അവരിൽ പലരും തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാൽ ഇപ്പോഴും പിണറായി കൊടുക്കുന്ന അപ്പ കഷ്ണവും തിന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠകരായി നിൽക്കുന്ന സാംസ്കാരിക പ്രവർത്തകരെ ഓർത്ത് കേരളം ലജ്ജിക്കുന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

'എം ടി രാജ്യത്തിന്റെ ഔന്നിത്യം, സർക്കാരിന് സ്തുതിഗീതം പാടുന്നവർ ആ വാക്കുകൾ കേൾക്കണം'; വി ഡി സതീശൻ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഉദ്ഘാടന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ എതിരെയുളള എം ടി വാസുദേവൻ നായരുടെ പ്രസംഗം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും കെൽഎഫ് ഉദ്ഘാടന വേദിയിൽ എം ടി ചൂണ്ടിക്കാണിച്ചു. എം ടിയെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാക്കളും നിരവധി സാമൂഹിക സാംസ്കാരിക മേഖലകളിലുളളവരും രംഗത്തെത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image