
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കർക്കും പാർലമെന്ററികാര്യ മന്ത്രിക്കും കത്ത് നൽകി. കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്നിയുടെ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനത്തിന്റെ സമയം പുനക്രമീകരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 9ന് കെപിസിസിയുടെ രാഷ്ട്രീയ പ്രചാരണ ജാഥ തുടങ്ങുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം പുനക്രമീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 12 മുതൽ 14 വരെയുള്ള സഭാ നടപടികൾ ആറാം തീയതിയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പതിവില്ലാത്ത രീതിയിലാണ് സഭാ സമ്മേളനം നിശ്ചയിച്ചതെന്ന വിമർശനവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
നിലവിൽ 25 മുതൽ ഫെബ്രുവരി 14 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. കെപിസിസിയുടെ രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ പ്രതിപക്ഷ നേതാവിനും എംഎൽഎമാർക്കും മുഴുനീളെ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് സമ്മേളനം മാറ്റാനുള്ള ആവശ്യം.