
/topnews/kerala/2024/01/07/regal-flat-no-action-has-been-taken-against-officials-who-conspired-in-illegal-construction
കൊച്ചി: അനധികൃത നിർമ്മാണത്തെ തുടർന്ന് കൊച്ചി നഗരമധ്യത്തിലെ റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ഛയം പൊളിക്കാൻ ഉത്തരവിട്ടെങ്കിലും നിർമാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. ഇല്ലാത്ത വഴി ഉണ്ടെന്ന് കാണിച്ച് കൊച്ചി നഗരമധ്യത്തിൽ 10 നില കെട്ടിട സമുച്ഛയം നിർമ്മിക്കാൻ റീഗൽ ഫ്ലാറ്റ് നിർമാതാക്കൾക്ക് ഒത്താശ നൽകിയത് ജിസിഡിഎയും കൊച്ചി കോർപറേഷനും മരട് സബ് രജിസ്ട്രാർ ഓഫീസുമാണ്.
അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിനായി കൊച്ചി കോർപറേഷന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. വ്യാപകമായ ക്രമക്കേടുകളാണ് ജിസിഡിഎയിലും മരട് സബ് രജിസ്ട്രാർ ഓഫീസിലും നടന്നത്. ഇല്ലാത്ത റോഡ് ഉണ്ടെന്ന് വ്യാജ സ്കെച്ച് വരച്ച് നൽകിയത് ജിസിഡിഎയാണ്. അതിർത്തി പോലും നോക്കാതെ വിലകുറച്ചുള്ള ആധാരത്തിൻ്റെ രജിസ്ട്രേഷൻ നടന്നത് മരട് സബ് രജിസ്ട്രാർ ഓഫീസിലാണ്. എന്നാൽ ഇത്തരം ക്രമക്കേടുകൾക്കും വീഴ്ചകൾക്കുമെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
2003 മുതൽ 2005 വരെയുള്ള കാലയളവിലാണ് കൊച്ചിയിലെ റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ഛയം നിർമിക്കാൻ കോർപറേഷൻ അനുമതി നൽകുന്നത്. വൻകിട കെട്ടിടം പണിയാനുള്ള അനുമതിയ്കായി തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ കിട്ടിയാൽ ആദ്യം ചെയ്യുക ബന്ധപ്പെട്ട ഭൂമിയുടെ ആധാരം പരിശോധിക്കലാണ്. പിന്നാലെ എഞ്ചിനീയർ, ഓവർസീയർ, ബിൽഡിംഗ് ഇൻസ്പെക്ടർ എന്നിവരെല്ലാം സ്ഥലം സന്ദർശിച്ച് അപേക്ഷയിൽ പറയുന്ന കാര്യങ്ങളെല്ലാം കൃത്യവും വസ്തുനിഷ്ഠവുമാണെന്ന് ഉറപ്പ് വരുത്തണം. രേഖകളിൽ കാണിച്ചിരിക്കുന്ന ഏഴുമീറ്റർ വഴി ഇവിടെ നിലവിലില്ല എന്ന് കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്നിരിക്കെയായിരുന്നു അനുമതി നൽകിയത്.
ഒടുവിൽ വർഷങ്ങൾക്കിപ്പുറം അപേക്ഷയിൽ കാണിച്ച റോഡ് ഇല്ലെന്ന് കണ്ടെത്തിയതോടെ കെട്ടിടം പൊളിച്ച് നീക്കാൻ ഉത്തരവിട്ട് കൊച്ചി കോർപറേഷൻ കൈ കഴുകി. അനുമതി കൊടുക്കാൻ കൂട്ടുനിന്ന ഒരാൾക്കെതിരെ പോലും ഇത്രയും കാലമായിട്ടും ഒരു നടപടിയും ഇല്ല. വീഴ്ച കണ്ടെത്തിയപ്പോൾ റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ഛയം പൊളിച്ച് നീക്കാനുള്ള ഉത്തരവിടാനെങ്കിലും കൊച്ചി കോർപ്പറേഷൻ തയ്യാറായി. എന്നാൽ ഇല്ലാത്ത റോഡ് ഉണ്ടെന്ന് പറഞ്ഞ് അപേക്ഷ കൊടുക്കാൻ കെട്ടിട നിർമാതാക്കളെ വഴിവിട്ട് സഹായിച്ചത് ജിസിഡിഎ ആണ്. ഇപ്പോഴും ഒരു അവകാശവും ഇല്ലാത്ത ഭൂമിയിൽ വ്യാജ സ്കെച്ച് ഉണ്ടാക്കി കൊടുക്കുകയാണ് ജിസിഡിഎ. ഇത് ചെയ്ത ഉദ്യോഗസ്ഥരടക്കം ആർക്കെതിരെയും ഒരു നടപടിയുമില്ല. മാത്രമല്ല ഫ്ലാറ്റിലേക്ക് ഇപ്പോഴുള്ള 5 മീറ്റർ വീതിയിലുള്ള ഇൻ്റർലോക്ക് പാകിയ റോഡ് ജിസിഡിഎയുടെ ഭൂമിയിലെ കയ്യേറ്റം ആണെന്ന് അറിഞ്ഞിട്ടും പൊളിച്ച് കളയാൻ ഒരു നടപടിയും ജിസിഡിഎ എടുക്കുന്നുമില്ല.
ഫ്ലാറ്റിന് വേണ്ടി രജിസ്റ്റർ ചെയ്ത 1658/2003 എന്ന ആധാരത്തിൽ, വടക്ക് ഭാഗത്ത് ഇല്ലാത്ത ഏഴുമീറ്റർ റോഡുണ്ടെന്നാണ് മരട് സബ് രജിസ്ട്രാർ മുൻ ആധാരങ്ങൾ ഒന്നും നോക്കാതെ എഴുതി നൽകിയത്. ലക്ഷങ്ങൾ വിലയുള്ള കണ്ണായ ഭൂമിയുടെ വിൽപ്പന സെൻ്റിന് വെറും 35000 രൂപയ്ക്ക് വില കുറച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തന്നെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് വ്യക്തം. ഇത്തരത്തിൽ സർക്കാരിന് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ നികുതിവെട്ടിപ്പിന് കൂട്ടു നിന്ന സബ് രജിസ്ട്രാർ ഓഫീസിലെ ഒരാൾക്കെതിരെയും നടപടിയില്ല. അങ്ങനെയൊരു റോഡ് ഇല്ലെന്ന് രേഖകൾ പരിശോധിച്ചാൽ എളുപ്പം മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്നിരിക്കെയായിരുന്നു പാലാരിവട്ടം എസ്എച്ച്ഒയും എസ്ഐയും അനധികൃത നീക്കത്തിന് പരസ്യമായി കൂട്ടുനിന്നത്. എന്നാൽ ഇരുവർക്കുമെതിരെയും ഒരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ല.