
/topnews/kerala/2023/12/30/controls-in-thiruvananthapuram-in-new-year
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ തലസ്ഥാനത്ത് നഗരിയിൽ നിയന്ത്രണങ്ങളേർപ്പെടുത്തി പൊലീസ്. ഡിജെ പാർട്ടികൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദേശത്തിൽ പറയുന്നു. മാനവീയം വീഥിയിൽ രാത്രി 12.30 വരെ മാത്രമാവും ആഘോഷങ്ങൾക്ക് അനുമതി. ഇവിടെ മഫ്തിയിൽ പൊലീസ് ഉണ്ടാകുമെന്നും ഡിസിപി സി എച്ച് നാഗരാജു പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിർദേശങ്ങൾ ഇറക്കിയത്.
നഗരത്തിലെ ഹോട്ടലുകൾ, മാളുകൾ, ബീച്ചുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായും അത് നിയന്ത്രിക്കാനുളള നടപടികൾ കൈകൊണ്ടതായും ഡിസിപി അറിയിച്ചു. മാനവീയത്തിനായി പ്രത്യേക നിയമമില്ലെന്നും മാനവീയം ഇന്ത്യക്ക് പുറത്ത് അല്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു.
പുതുവത്സരാഘോഷം; തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കുമെന്ന് പൊലീസ്, ആളുകളുടെ പേര് വിവരം സൂക്ഷിക്കുംവാഹനങ്ങള് പാര്ക്ക് ചെയ്ത് പരിപാടികള് കാണാന് പോകുന്നവര് ഫോണ് നമ്പര് വാഹനത്തിനുമേല് പ്രദര്ശിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ലഹരി മരുന്ന് ഉപയോഗം, കൈവശംവെക്കൽ, വിൽപന എന്നിവ ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടിയുണ്ടാകും. അവരുടെ വീടുകളിൽ റെയ്ഡും വാഹനങ്ങൾ കണ്ടുകെട്ടി ലൈസൻസ് റദ്ദാക്കുമെന്നും ഡിസിപി അറിയിച്ചു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന് തലസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള് ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര് സി എച്ച് നാഗരാജു നേരത്തെ അറിയിച്ചിരുന്നു. മാനവീയത്ത് ബാരിക്കേഡുകള് സ്ഥാപിക്കും. ഡിജെ പാര്ട്ടി നടക്കുന്ന ഇടങ്ങളില് ആളുകളുടെ പേര് വിവരങ്ങള് സൂക്ഷിക്കും. സിസിടിവി ക്യാമറകളും ഉറപ്പാക്കും. മുന് വര്ഷങ്ങളില് പുതുവത്സര ആഘോഷങ്ങളില് കുറ്റകൃത്യത്തില് ഏര്പ്പെട്ടവരെ പ്രത്യേകം നിരീക്ഷണത്തില് ആക്കിയിട്ടുണ്ടെന്നും 12 മണി കഴിഞ്ഞാല് ബീച്ചിലേക്ക് പ്രവേശനം ഇല്ലെന്നും പൊലീസ് അറിയിച്ചു.