
ഡല്ഹി: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. പദവി ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്ത്തകനായ ജോമോന് പുത്തന്പുരയ്ക്കലാണ് പരാതി നൽകിയത്. ഉന്നത പദവിയിലിരിക്കെ വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇതിലൂടെ ഇന്ത്യൻ ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് നൽകിയ പരാതിയിൽ ജോമോന് പുത്തന്പുരയ്ക്കൽ ആവശ്യപ്പെട്ടു.
''ഇന്ത്യൻ ജുഡീഷ്യറിയിൽ പതിനേഴരവർഷക്കാലം ജഡ്ജിയായി ഇരുന്നിട്ട് വിരലിലെണ്ണാവുന്ന വിധി മാത്രം പറഞ്ഞിട്ടുള്ള ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. വിധി പറഞ്ഞ കേസുകൾ പരിശോധിച്ചാൽ തന്നെ ഒരുകൊലക്കേസ് പ്രതിയെപ്പോലും സിറിയക് ജോസഫ് ശിക്ഷിച്ചതായി കേട്ടുകേൾവിയില്ല. പതിനേഴര വർഷക്കാലം ജഡ്ജിയായി ഇരുന്ന് കോടികൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റിയിട്ടും ജഡ്ജ്മെൻ്റ്റ് എഴുതാത്ത ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്'', പരാതിയിൽ പറയുന്നു.
ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജോമോന് പുത്തന്പുരയ്ക്കൽ ആവശ്യപ്പെടുന്നു.