
തൃശൂര്: തൃശൂർ പൂരം എക്സിബിഷന് വാടക കുത്തനെ ഉയര്ത്തിയ സംഭവത്തില് സർക്കാർ നടത്തിയ ചർച്ച അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. പൂരം തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ലെന്ന് ദേവസ്വം മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. പൂരം വിജയിപ്പിക്കും. ഇന്നത്തെ യോഗത്തിൽ തീരുമാനമില്ല. കോടതിയിൽ ഒരു നിലപാട് സർക്കാർ പറയുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില് തൃശൂര് രാമനിലയത്തില്ലാണ് ചർച്ച നടത്തിയത്.
മന്ത്രി കെ രാജൻ, ടി എൻ പ്രതാപൻ എം പി, കൊച്ചിന് ദേവസ്വം ബോര്ഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വവും ചര്ച്ചയില് പങ്കെടുത്തു. പൂരം അതിഗംഭീരമായി നടത്തും. പൂരം തടസ്സമില്ലാതെ നടത്താനുളള സമീപനം സർക്കാർ എടുക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. തീരുമാനം ജനുവരി നാലിന് കോടതിയെ അറിയിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. തേക്കിന്കാട് മൈതാനിയുടെ വാടക സംബന്ധിച്ച തര്ക്കത്തില് പരിഹാരം കാണാനായിരുന്നു നീക്കം.
'എക്സിബിഷനെ കൊമേഴ്സ്യലായി കാണണം. നിരവധി സൗജന്യങ്ങൾ തേക്കിൻകാട് മൈതാനത്ത് കൊടുക്കുന്നുണ്ട്. അതുകൊണ്ട് സൗജന്യമായി കൊടുക്കാൻ പറ്റുന്ന രീതിയിലുളള നയപരമായ തീരുമാനങ്ങൾ സർക്കാർ എടുക്കണം. അത് കോടതിയിൽ പറയണമെന്നും എംപി എന്ന നിലയിൽ രണ്ട് മന്ത്രിമാരോടും ആവശ്യപ്പെട്ടുട്ടുണ്ട്,' ടി എൻ പ്രതാപൻ എംപി പറഞ്ഞു. അത് പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും എംപി കൂട്ടിച്ചേർത്തു.
തൃശ്ശൂര് പൂരം ചടങ്ങുമാത്രമാക്കേണ്ടി വരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്; പ്രതിസന്ധിതൃശൂര് പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന പൂരം എക്സിബിഷന് ഗ്രൗണ്ട് അനുവദിക്കുന്നതില് വാടക ക്രമാതീതമായി കൂട്ടിയ നടപടിയില് പ്രതിഷേധിച്ച് ഇരുദേവസ്വങ്ങളും പൂരം ചടങ്ങ് മാത്രമാക്കാന് നിര്ബന്ധിതമാകുമെന്ന പ്രമേയം പാസാക്കിയിരുന്നു. 39 ലക്ഷമായിരുന്നു എക്സിബിഷൻ ഗ്രൗണ്ടിന് കഴിഞ്ഞ വര്ഷത്തെ വാടക. ഈ വര്ഷം 2.2 കോടി വേണമെന്നാണ് കൊച്ചിന് ദേവസ്വം ബോര്ഡ് ആവശ്യപ്പെട്ടത്. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് പ്രമേയം അവതരിപ്പിച്ചത്.
ഏപ്രില് 19 നാണ് തൃശൂര് പൂരം. ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില് സമ്മര്ദ്ദം ശക്തമാക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം. 2016 മുതല് അനിയന്ത്രിതമായ രീതിയില് വാടക വര്ദ്ധിപ്പിക്കുകയാണ്. എന്നാല് പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന എക്സിബിഷനിലെ വരുമാനത്തിലെ നല്ലൊരു പങ്ക് കൊച്ചിന് ദേവസ്വം ബോര്ഡിന് നല്കിയാല് പൂരം നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്ന് ദേവസ്വങ്ങള് ചൂണ്ടികാട്ടുന്നു.