
തൃശൂര്: ചാലക്കുടിയില് പൊലീസ് ജീപ്പ് തകര്ത്ത സംഭവത്തില് അഞ്ച് ഡിവൈഎഫ്ഐ പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി മേഖല സെക്രട്ടറി ഉള്പ്പടെ അഞ്ച് പേരെയാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീപ്പ് തകര്ത്ത പ്രതികളെ കസ്റ്റഡിയിലെടുക്കാന് അന്വേഷിച്ചു ചെന്നപ്പോള് ഡിവൈഎസ്പിയ്ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. ചാലക്കുടി ഡിവൈഎസ്പിയ്ക്ക് നേരെയാണ് എസ്എഫ്ഐ - ഡിവൈ എഫ്ഐ പ്രവര്ത്തകരുടെ കയ്യേറ്റ ശ്രമമുണ്ടായത്. ഐടിഐക്ക് സമീപത്ത് എസ്എഫ്ഐ പ്രവര്ത്തകരുടെ താമസ സ്ഥലത്ത് വെച്ചാണ് സംഭവമുണ്ടായത്.
ഡിവൈഎസ്പി ടി എസ് സിനോജിന് നേരെയാണ് കയ്യേറ്റം നടന്നത്. തുടര്ന്ന് പൊലീസിന് വീണ്ടും ലാത്തി വീശേണ്ടി വന്നു. ഐടിഐ തെരഞ്ഞെടുപ്പില് എസ്എഫ്ഐ വിജയിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് ജീപ്പിന്റെ ചില്ല് അടിച്ചു തകര്ത്തത്. ഇന്നലെ ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള് പൊലീസ് അഴിപ്പിച്ചിരുന്നു.
പൊലീസ് ജീപ്പ് തകര്ത്ത് ഡിവൈഎഫ്ഐക്കാര്, കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച് സിപിഐഎം; സംഘര്ഷംപൊലീസ് നോക്കി നില്ക്കേയാണ് ജീപ്പിന് മുകളില് കയറി നിന്ന് അടിച്ചു തകര്ത്തത്. ജീപ്പ് അടിച്ച തകര്ത്ത സംഘത്തില് ഉണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് നിഥിന് പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാന് ശ്രമിച്ചപ്പോള് സിപിഐഎം പ്രവര്ത്തകര് തടഞ്ഞു. പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില് എടുക്കുകയായിരുന്നു. എന്നാല് കസ്റ്റഡിയില് എടുത്ത നിഥിനെ കസ്റ്റഡിയില് നിന്ന് സിപിഐഎം നേതാക്കള് ബലം പ്രയോഗിച്ച് മോചിപ്പിച്ചിരുന്നു. സിപിഐഎം ഏരിയാസെക്രട്ടറി കെ എസ് അശോകന്റെ നേതൃത്വത്തിലാണ് മോചിപ്പിച്ചത്. തുടര്ന്ന് പൊലീസും സിപിഐഎമ്മുകാരും തമ്മില് സംഘര്ഷമുണ്ടായി.