'ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന നടന്നു': 'വണ്ടിപ്പെരിയാറി'ൽ ഡീൻ കുര്യാക്കോസ്

ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

dot image

തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ സർക്കാരിനെതിരെ വിമർശനവുമായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. ഡി വൈ എഫ് ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നു എന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു.

ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതിയെ വെറുതെ വിട്ടു

കട്ടപ്പന അതിവേഗ കോടതിയാണ് കേസിലെ പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം. 2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത്.

അർജുൻ പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അർജുൻ കുടുംബവുമായി അടുപ്പമുള്ള ആളായിരുന്നു . കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ അർജുന്റെ സംരക്ഷണത്തിലാണ് ഏൽപ്പിച്ചിരുന്നത്. വിവിധ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. 2021 സെപ്തംബർ 21ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 2022 മെയിൽ വിചാരണ തുടങ്ങി. 48 സാക്ഷികളെ വിസ്തരിച്ചിരുന്നു.

വിധിയറിഞ്ഞതോടെ കോടതിക്ക് പുറത്ത് കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. നീതി നടപ്പായില്ലെന്ന് കുട്ടിയുടെ അമ്മയടക്കമുള്ളവർ ആരോപിച്ചു. രാഷ്ട്രീയബന്ധവും സ്വാധീനവും ഉപയോഗിച്ച് വിധി മാറ്റിമറിച്ചു എന്നാണ് ഇവരുടെ ആരോപണം. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. ഇതാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തിന് കാരണം.

dot image
To advertise here,contact us
dot image