
ന്യൂഡൽഹി: കേരള സർക്കാരിൻ്റെ കെടുകാര്യസ്ഥതയും നികുതി പിരിക്കുന്നതിലെ വീഴ്ചയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് ടി എൻ പ്രതാപൻ എം പി. ഇതിനൊപ്പം കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതത്തിൽ വീഴ്ച വരുത്തുന്നതായും ടി എൻ പ്രതാപൻ ചൂണ്ടിക്കാണിച്ചു. ടൂറിസം പദ്ധതിയിൽ കേരളത്തിന് ഒന്നും നൽകിയില്ല. ആ തുക നൽകുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ്. ബിജെപി ഇതര സർക്കാരുകളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നു. കേരളത്തെ മനഃപൂർവം അവഗണിക്കുന്നുവെന്നും ടി എൻ പ്രതാപൻ കുറ്റപ്പെടുത്തി.
പിണറായി സർക്കാരിൻ്റെ ധൂർത്ത് അടക്കം ഉയർത്തിക്കാട്ടുമെന്നും ടി എൻ പ്രതാപൻ പ്രതികരിച്ചു. കേരളത്തിലെ 19 എംപിമാരും കേരളത്തിന് വേണ്ടി വാദിക്കാറുണ്ട്. കെ സി വേണുഗോപാൽ അടക്കമുള്ളവർ രാജ്യസഭയിൽ കേരളത്തിനായി വാദിക്കുന്നു. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ എംപിമാർ പങ്കെടുക്കുന്നുണ്ട്. കേരളത്തിന് വേണ്ടി പാർലമെൻ്റിൽ വാദിക്കും എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേരളത്തിന് കിട്ടേണ്ട അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിൻ്റെ നികുതി പിരിവിൽ അഴിമതി ഉണ്ടെന്നും വലിയ നികുതി പിരിക്കേണ്ടവർക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നും ടി എൻ പ്രതാപൻ കുറ്റപ്പെടുത്തി.
കേരളത്തോടുളള കേന്ദ്ര സർക്കാർ അവഗണന സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടുന്ന വിധത്തിൽ രൂക്ഷമായ സാമ്പത്തിക ഞെരുക്കമാണ് കേരളം നേരിടുന്നത്. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ടി എൻ പ്രതാപൻ നോട്ടീസിൽ പറഞ്ഞിരുന്നു.
ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് കടുത്ത അവഗണനയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ബിജെപിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം പുലർത്തുകയാണെന്നും എംപി വിമർശിച്ചു. ഇത് സങ്കടകരമായ കാര്യമാണ്. 2018ലെ പ്രളയ കാലത്ത് സംസ്ഥാനത്തിന് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്ര സർക്കാർ വിദേശ ധനസഹായങ്ങൾ മുടക്കുക കൂടി ചെയ്തതു. കേന്ദ്ര സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബിൽ നൽകിയ സാഹചര്യം വരെ ഉണ്ടായി. രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ലെന്നും ടി എൻ പ്രതാപൻ എംപി നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
തൃശൂർ ആർക്കും എടുക്കാൻ കഴിയില്ല. തൃശൂരിലെ സമൂഹിക സാഹചര്യം അറിയാം. സുരേഷ് ഗോപി നല്ല നടനാണ്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് സുരേഷ് ഗോപി ഉണ്ട്. അദ്ദേഹത്തിനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടു കൂടാ. 100 ശതമാനം നല്ല നടനാണ്. രാഷ്ട്രീയത്തിൽ അഭിനയം കലത്തുന്നുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.