'മുഖ്യമന്ത്രി ഇടപെട്ടത് സ്വജനപക്ഷപാതവും അഴിമതിയും'; വിസി നിയമന വിധിയിൽ വി മുരളീധരൻ

മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതം വെളിപ്പെടുത്തുന്നതാണ് വിധി

dot image

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതം വെളിപ്പെടുത്തുന്നതാണ് വിധിയെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു.

കണ്ണൂർ വിസിയുടെ പുനർനിയമനം മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലമാണെന്നും ഇക്കാര്യം ഗവർണർ പലതവണ വ്യക്തമാക്കിയതാണെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു. വിസി നിയമനം ഗവർണറുടെ അധികാരമാണ്. ഇതിൽ മുഖ്യമന്ത്രി ഇടപെട്ടത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് വി മുരളീധരൻ ആരോപിച്ചു. വിസിയുടെ ആദ്യ നിയമനം തന്നെ തെറ്റെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് ചോദിക്കുന്നില്ല. അദ്ദേഹത്തിന്റെ ധാർമികത എല്ലാവർക്കും അറിവുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഈ വിഷയത്തിൽ ഇടപെട്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവിന് ഭയമാണോയെന്നും വി മുരളീധരൻ ചോദിച്ചു. പിണറായിയുടെ വക്കാലത്തുമായാണ് സതീശൻ എത്തിയിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഐഎം ആലോചിക്കണമെന്നും അഴിമതിക്കാരനായ മുഖ്യമന്ത്രി വേണ്ടെന്നാണ് ജനങ്ങളുടെ അഭിപ്രായമെന്നും വി മുരളീധരൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image