
/topnews/kerala/2023/11/25/the-cabinet-meeting-expressed-condolences-for-the-cusat-accident
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലു വിദ്യാർത്ഥികൾക്ക് അനുശോചനം രേഖപ്പെടുത്തി അടിയന്തര മന്ത്രിസഭാ യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8.30നാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്നത്.
ദുരന്തത്തിലുള്ള ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെയും കളമശ്ശേരിയിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയോഗിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തൃശൂര് മെഡിക്കല് കോളേജിലെ സര്ജറി, ഓര്ത്തോപീഡിക്സ് വിഭാഗം ഡോക്ടര്മാരുടെ സംഘം എറണാകുളത്ത് ഉടന് എത്തിച്ചേരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു.