'ഇത്തരം തന്ത്രങ്ങള് പതിവാണ്'; ഭാസുരാംഗനെ സെന്തില് ബാലാജിയോട് ഉപമിച്ച് ഇഡി കോടതിയില്

ഭാസുരാംഗന്റെ ആരോഗ്യപ്രശ്നങ്ങള് അറിയിക്കാന് ഡോക്ടറായ മകള് കോടതിയില് എത്തിയിരുന്നു.

dot image

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില് പ്രതികളായ ഭാസുരാംഗന്റെയും മകന് അഖില് ജിത്തിന്റെയും കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല് കോടതിയില് ഹാജരാക്കി. പ്രതികള് അന്വേഷണവുമായി പൂര്ണമായി സഹകരിക്കുന്നില്ലെന്നും അതിനാല് വീണ്ടും കസ്റ്റഡിയില് ലഭിച്ചിട്ട് കാര്യമില്ലെന്നും ഇ ഡി കോടതിയില് പറഞ്ഞു.

നിലവില് ലഭിച്ച രേഖകളും പ്രതികള് നല്കിയ മൊഴികളും പരിശോധിച്ച് വൈരുദ്ധ്യം ഉണ്ടെങ്കില് വീണ്ടും കസ്റ്റഡിയില് ആവശ്യപ്പെടാമെന്നാണ് നിലവില് ഇ ഡിയുടെ തീരുമാനം. പതിനഞ്ച് ദിവസത്തിനകം കസ്റ്റഡിയില് ആവശ്യപ്പെടാമെന്ന് ഇ ഡി കോടതിയെ അറിയിച്ചു. അതേസമയം ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങള് ഉണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു.

ജയിലില് മതിയായ ചികിത്സ ലഭിക്കില്ലെന്ന് അഭിഭാഷകന് പറഞ്ഞപ്പോള് ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങള് ഇല്ലെന്ന് ഇ ഡി മറുപടി വാദത്തില് പറഞ്ഞു. പ്രതി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഉന്നത സ്വാധീനമുള്ളയാളാണ് ഭാസുരാംഗന്. ആശുപത്രി അധികൃതരെ വിലക്കെടുക്കാന് കഴിവുള്ളയാളാണ്. റിമാന്റ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്നങ്ങള് ഉന്നയിക്കുന്നതെന്നും ഇ ഡി പറഞ്ഞു. ഭാസുരാംഗന്റെ ആരോഗ്യപ്രശ്നങ്ങള് അറിയിക്കാന് ഡോക്ടറായ മകള് കോടതിയില് എത്തിയിരുന്നു.

എന്നാല് മകളുടെ വാദങ്ങള് കേള്ക്കാന് വിസമ്മതിച്ച കോടതി മെഡിക്കല് രേഖകള് ഹാജരാക്കാന് നിര്ദേശിച്ചു. മകളെ കേള്ക്കുകയാണെങ്കില് ഇന്ന് ഭാസുരാംഗനെ പരിശോധിച്ച ഡോക്ടറെയും വിസ്തരിക്കണമെന്ന് ഇ ഡി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി വാസം സംബന്ധിച്ച് സെന്തില് ബാലാജിയുടെ കേസ് ഇ ഡി കോടതിയില് സൂചിപ്പിച്ചു. ഇത്തരം തന്ത്രങ്ങള് സാമ്പത്തിക കുറ്റകൃത്യങ്ങളില് പതിവെന്നായിരുന്നു ഇ ഡിയുടെ പരാമര്ശം.

dot image
To advertise here,contact us
dot image