'തെരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസ്, നിയമപരമായും രാഷ്ട്രീയമായും നേരിടും'; കെ സുരേന്ദ്രൻ

അന്വേഷണ ഏജൻസികളും ലോകായുക്തയും സർക്കാരിൻ്റെ വരുതിയിലാണ്. ഇപ്പോഴത്തെ ചോദ്യം ചെയ്യൽ സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ

dot image

കൽപ്പറ്റ: സുല്ത്താന്ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണെന്ന് നേരത്തെ പറഞ്ഞിരുന്നെന്ന് കെ സുരേന്ദ്രൻ. ലീഗ് നേതാവിൻ്റെ പരാതിയിൽ രാഷ്ട്രീയ പ്രേരിതമായി എടുത്തതാണ് കേസ്. അന്വേഷണ ഏജൻസികളും ലോകായുക്തയും സർക്കാറിൻ്റെ വരുതിയിലാണ്. ഇപ്പോഴത്തെ ചോദ്യം ചെയ്യൽ സർക്കാറിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കോഴക്കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

2016ൽ എൻഡിഎ സ്ഥാനാർത്ഥി ആയിരുന്ന സി കെ ജാനുവിന് 2021ൽ സ്ഥാനാർത്ഥിയാവാൻ കോഴ കൊടുക്കണോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ബത്തേരി കോഴ കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും സർക്കാരിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേസിനെ ബിജെപി നിയമപരവും രാഷ്ട്രീയയവുമായി നേരിടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

എന്ഡിഎ സ്ഥാനാര്ത്ഥിയാകാന് സി കെ ജാനുവിന് കോഴ നല്കിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് കെ സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുല്ത്താന്ബത്തേരി നിയമസഭാ മണ്ഡലത്തില് എന്ഡിഎ സ്ഥാനാര്ത്ഥിയായി മത്സരിക്കാന് സി കെ ജാനുവിന് 50 ലക്ഷം രൂപ നല്കിയെന്നാണ് പരാതി. ഇതില് 10 ലക്ഷം 2021 മാര്ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില് വെച്ചും 40 ലക്ഷം സുല്ത്താന്ബത്തേരിയില് വെച്ചുമാണ് നല്കിയതെന്നാണ് പരാതിയിൽ പറയുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്കിയത്. ചോദ്യം ചെയ്യലിനായി സി കെ ജാനുവും ക്രൈംബ്രാഞ്ച് ഓഫീസില് ഹാജരായിട്ടുണ്ട്. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലും ചോദ്യം ചെയ്യലിന് ഹാജരായി.

നേരത്തെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലും കെ സുരേന്ദ്രനെ പ്രതിചേര്ത്തിരുന്നു. സുരേന്ദ്രന് ഉള്പ്പടെയുള്ള മുഴുവന് പ്രതികള്ക്കും കോടതി ഒക്ടോബറില് ജാമ്യം അനുവദിച്ചിരുന്നു. കാസര്ഗോഡ് ജില്ലാ സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിത്വം പിന്വലിക്കാന് ബിഎസ്പി സ്ഥാനാര്ത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ കുറ്റാരോപണം. രണ്ട് ലക്ഷം രൂപയും സ്മാര്ട്ട് ഫോണും സുന്ദരയ്യയ്ക്ക് നല്കിയെന്നാണ് കേസ്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തിയത്. എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന വി വി രമേശ് 2021 ജൂണില് ഇതിനെതിരെ പരാതി നല്കിയിരുന്നു. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേര്ക്കെതിരെ കേസെടുത്തത്.

dot image
To advertise here,contact us
dot image