
കോഴിക്കോട്: കോണ്ഗ്രസ് പലസ്തീന് ഐക്യദാര്ഢ്യ റാലി വിലക്കിയതിന് പിന്നില് മന്ത്രി മുഹമ്മദ് റിയാസാണെന്ന് കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന് കെ പ്രവീണ്കുമാര്. റിയാസല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോണ്ഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കടപ്പുറത്ത് റാലി നടത്താന് 16 ദിവസം മുന്പ് വാക്കാല് അനുമതി ലഭിച്ചിരുന്നുവെന്നും പ്രവീണ്കുമാര് പറഞ്ഞു. പലസ്തീന് റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തില് കോണ്ഗ്രസ് ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്പല്ല വേദി തീരുമാനിക്കേണ്ടതെന്നും കടപ്പുറത്ത് നവ കേരള സദസിന്റെ വേദി മുന്കൂട്ടി നിശ്ചയിച്ചതാണെന്നും മന്ത്രി പറഞ്ഞു.
25 ദിവസം മുന്പ് നവ കേരള സദസിന് വേദി ബുക്ക് ചെയ്തിരുന്നു. കോണ്ഗ്രസിന് മറ്റ് എവിടെയെങ്കിലും വച്ച് പരിപാടി നടത്താവുന്നതല്ലെ? സര്ക്കാര് പരിപാടി കുളമാക്കാന് ആണ് കോണ്ഗ്രസ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലസ്തീന് വിഷയത്തിലെ ജാള്യത മറയ്ക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും റിയാസ് പറഞ്ഞിരുന്നു.