
May 18, 2025
11:21 PM
കൊച്ചി: ഫുഡ് വ്ളോഗറായ രാഹുൽ എൻ കുട്ടി(33)യുടെ മരണ വാർത്തയുടെ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബവും. കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിലെ വീട്ടിൽ രാഹുലിനെ മരിച്ച നിലയില് കണ്ടെത്തിയത്. രാത്രി വീട്ടിലെത്തിയ രാഹുലിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ തുടരെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെ 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിക്കുകയും രാഹുൽ ഫോൺ എടുക്കുന്നില്ലെന്ന് പറയുകയുമായിരുന്നു.
തുടർന്ന് അച്ഛൻ മുറിയിൽ ചെന്നുനോക്കുമ്പോഴാണ് ബെഡ് ഷീറ്റിൽ മരിച്ച നിലയിൽ രാഹുലിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളിൽ ചിലർ പറയുന്നു. പൊലീസ് രാഹുലിന്റെ ഫോൺ പരിശോധനയ്ക്കായി കൊണ്ടുപോയി. അടുത്തിടെ രാഹുൽ പനമ്പള്ളി നഗറിൽ പാർട്നർഷിപ്പിൽ കോഫി ഷോപ്പ് തുടങ്ങിയിരുന്നു.
'ഈറ്റ് കൊച്ചി ഈറ്റ്' എന്ന സോഷ്യല് മീഡിയ പേജിലെ ഫുഡ് വ്ളോഗറാണ് രാഹുല്. കൊച്ചിയെ വ്യത്യസ്ത തരത്തിലുള്ളതുമായ ഭക്ഷണങ്ങള് പരിചയപ്പെടുത്തി സമൂഹമാധ്യമത്തില് ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്. 'ഓ കൊച്ചി' എന്ന പേജിലും രാഹുൽ വീഡിയോകള് ചെയ്തിട്ടുണ്ട്. മാടവന ഉദയത്തുംവാതിൽ കിഴക്കേകിഴവന നാരാണൻ കുട്ടിയുടേയും ഷൈലജമേനോന്റെയും മകനാണ് രാഹുൽ. ശ്രീപ്രിയയാണ് ഭാര്യ. മകൻ: ഇഷിത്. സഹോദരൻ: രോഹിത്. സംസ്കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.