
തിരുവനന്തപുരം: മുസ്ലീം ലീഗിനെ പ്രശംസിച്ച് സിപിഐഎം നേതാവ് എ കെ ബാലന്. മുസ്ലീം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ലീഗ് ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. ഗോവിന്ദൻ മാഷിനുള്ള പിന്തുണയിലും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണ് എന്നും എ കെ ബാലന് പറഞ്ഞു.
കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോൺഗ്രസ്സിന്റെ വെറുപ്പുണ്ടായിട്ടും സിപിഐഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശം. സിപിഐഎമ്മിന്റെ റാലിക്ക് വരാൻ ഞങ്ങൾ തയ്യാറാണ് എന്ന നിലപാടാണ് ലീഗിന്. ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തു കഴിഞ്ഞു. കോൺഗ്രസ് എടുക്കുന്ന സമീപനത്തെ ഒരുതരത്തിലും പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗ് എന്നും മുസ്ലിം ലീഗിന്റെ സമീപനം ശ്ലാഘനീയമാണെന്നും എ കെ ബാലന് പറഞ്ഞു.
കേരളീയം വലിയ മൂലധന നിക്ഷേപമാണെന്നും അടുത്ത കൊല്ലം തൃശൂർ പൂരം പോലെ ആളുകൾ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിൽ ചെലവാക്കൽ നിക്ഷേപമാണ്. നിക്ഷേപിക്കുന്നതിന്റെ ഇരട്ടിക്കിരട്ടി തിരിച്ചുകിട്ടും. കലോത്സവവും കായികമേളയും ധൂർത്തെന്ന് ആരെങ്കിലും പറയുമോ എന്നും എ കെ ബാലന് ചോദിച്ചു. വൈദ്യുതി നിരക്ക് വർദ്ധനവ് വളരെ കുറഞ്ഞ തോതിലാണെന്നും വ്യവസായങ്ങളെയൊ വാണിജ്യത്തെയോ ഇത് ബാധിക്കില്ല എന്നും എ കെ ബാലൻ പറഞ്ഞു.