
/topnews/kerala/2023/10/31/human-rights-commission-to-investigate-fake-calls-to-108
തിരുവനന്തപുരം: സംസ്ഥാനത്തെ അടിയന്തര സേവന നമ്പറായ 108ൽ എത്തുന്ന വ്യാജ കോളുകൾ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. 108 ലേക്ക് വ്യാജ കോളുകൾ വരുന്നതിനെ കുറിച്ച് റിപ്പോർട്ടർ ടിവി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
2020 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ വരെ അടിയന്തര സർവീസിലേക്ക് വന്നത് 45,32,000 കോളുകളാണ്. അതില് 27,93,000 വ്യാജ കോളുകളാണ് വന്നത്. ഇത്തരത്തിലുള്ള കോളുകളെ കുറിച്ച് അന്വേഷിക്കാനാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. കോൾ സെന്ററിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് സ്ത്രീകളാണ്. മദ്യപിച്ചിട്ടും അല്ലാതെയും കോളുകൾ വരുന്നുണ്ട്. ഫോൺ എടുക്കുന്നത് സ്ത്രീകളാണെങ്കിൽ അവരുടെ സംസാര ശൈലി മാറും. പല കോളുകളും വളരെ മോശമായ രീതിയിലുള്ളതായിരുന്നുവെന്നാണ് ജീവനക്കാരികൾ പറയുന്നത്.
ഇത്തരത്തിൽ കോളുകൾ വരുന്നത് അടിയന്തര സേവനത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം കോളുകൾ ഏതെങ്കിലും തരത്തിൽ നിയന്ത്രിക്കാൻ സാധിച്ചിരുന്നുവെങ്കിൽ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.