
/topnews/kerala/2023/10/30/kalamassery-blast-case-accused-dominic-martin-arrested
കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഒക്ടോബർ 29നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആസൂത്രണം തന്റേത് മാത്രമെന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണ്. പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു.
വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു. സ്ഫോടനത്തിന്റെ തലേദിവസം ബോംബ് നിർമ്മിച്ചു. പുലർച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടിൽ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കൺവൻഷൻ സെന്ററിലെ പ്രാർത്ഥനാ ഹാളിലെത്തി. സ്കൂട്ടറിലാണ് എത്തിയത്. കസേരകൾക്കിടയിലാണ് ബോംബ് വെച്ചത് ടിഫിൻ ബോക്സിലല്ല. നാല് റിമോട്ടുകൾ വാങ്ങിയിരുന്നു അതിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.
സ്ഫോടനം നടക്കവെ ഡൊമിനിക് മാർട്ടിന്റെ ഭാര്യമാതാവും സഹോദര ഭാര്യയും കൺവൻഷൻ സെന്ററിലുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഡൊമിനിക് മാർട്ടിന്റെ ഭാര്യ മിനിയുടെ മൊഴിയിലാണ് ഇക്കാര്യമുളളത്. കൊച്ചി എളംകുളം സ്വദേശിയാണ് ഡൊമിനിക് മാർട്ടിൻ. താനാണ് സ്ഫോടനം നടത്തിയതെന്ന് അറിയിച്ച് ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില് ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ മൂന്നുപേർ ഇതുവരെ മരിച്ചു.
'രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല കൊടും വിഷം'; കടന്നാക്രമിച്ച് മുഖ്യമന്ത്രി