
തിരുവനന്തപുരം: ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപി അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നുവെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ പൊതുസമൂഹം വേണ്ട രീതിയിൽ പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെറ്റാണെന്ന് തോന്നിയതുകൊണ്ടാണല്ലോ സുരേഷ് ഗോപി ക്ഷമ ചോദിക്കുന്ന അവസ്ഥയുണ്ടായത്. എന്നാൽ ക്ഷമകൊണ്ട് മാത്രം വിധേയയായ യുവതി വിഷയം തീർക്കാൻ തയ്യാറായില്ലല്ലോ. അത്രയധികം മനോവേദന ഉണ്ടായിട്ടുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഇതൊക്കെ മനസ്സിലാക്കി ഇടപെടാൻ ഇതുപോലുള്ള ആളുകൾ തയ്യാറാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല് കറസ്പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില് സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി.
സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമപ്രവര്ത്തകയുടെ മൊഴിയെടുത്തു