
കോഴിക്കോട്: ഇൻവിജലേറ്റർമാർ എത്താത്തതോടെ കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷ രണ്ട് മണിക്കൂർ വൈകി. കുന്നമംഗലം മലബാർ ടി എം എസ് കോളേജ് പരീക്ഷ സെന്ററായി കിട്ടിയ കുട്ടികളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. 2021 അഡ്മിഷൻ പിജി നാലാം സെമസ്റ്റർ സോഷ്യോളജി പരീക്ഷയാണ് വൈകിയത്. ദൂര സ്ഥലങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ വലഞ്ഞു. ഒടുവിൽ 11.30 ഓടെ അധികൃതരെത്തി കോളജ് തുറന്നതിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് അകത്ത് കയറാനായത്.
10 മണിക്കായിരുന്നു പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല് 11മണി കഴിഞ്ഞിട്ടും ഇന്വിജിലേറ്റര് എത്തിയില്ല. മറ്റ് കേന്ദ്രങ്ങളിലെല്ലാം തന്നെ പരീക്ഷ ആരംഭിക്കുകയും ചെയ്തു. തുടര്ന്ന് വിദ്യാര്ത്ഥികള് സര്വ്വകലാശാലയെ ബന്ധപ്പെട്ടപ്പോള് മറ്റൊരു കേന്ദ്രത്തിലേക്ക് നിങ്ങളെ മാറ്റാം എന്ന പ്രതികരണമാണ് അധികൃതരില് നിന്നും ലഭിച്ചത്. പരീക്ഷ വൈകിയത് സംബന്ധിച്ച് സർവ്വകലാശാല ഒരു വിശദീകരണവും നൽകിയിട്ടില്ല.