
തിരുവനന്തപുരം: സ്വിഗ്ഗിയിലൂടെയുള്ള ദുരൂഹ കൈമാറ്റത്തിൽ ഡെലിവറി ടീം എക്സൈസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ഡെലിവറി ടീമിനെ ലഹരി മാഫിയ ഉപയോഗിക്കുന്നുവെന്നാണ് പരാതി. ഒരു മാസം മുമ്പാണ് അറിയാതെ ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യുന്നു എന്ന പരാതി ഡെലിവറി ടീം എക്സൈസ് കമ്മീഷണർക്ക് നൽകിയത്. എന്നാൽ ഇതിൽ ഇതുവരെ ഒരു നടപടിയും അധികാരികൾ സ്വീകരിച്ചിട്ടില്ല. ഡെലിവറി ടീം നൽകിയ പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
സ്വിഗ്ഗിയുടെ ജീനി ഓപ്ഷൻ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നാണ് പ്രധാന ആവശ്യം. അല്ലെങ്കിൽ കൊണ്ടുപോകുന്ന പാക്കറ്റിൽ എന്താണെന്ന് അറിയണമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ എക്സൈസ് കമ്മീഷണർ രണ്ട് ആവശ്യങ്ങളിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സംശയകരമായ നിരവധി പാക്കറ്റുകൾ കിട്ടിയതായി ഡെലിവറി ടീം പറയുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്ത് കാറിലും മറ്റുമാണ് പലപ്പോഴും ഇത് കൈമാറ്റം ചെയ്യുന്നത്. ഇത് മയക്കു മരുന്നാണോ എന്ന സംശയം തങ്ങൾക്കുണ്ടെന്ന് സ്വിഗ്ഗി ഡെലിവറി അംഗങ്ങൾ പറയുന്നു.
കൊണ്ടുപോകുന്നത് എന്താണെന്ന് ഡെലിവറി ടീമിന് അറിയില്ല എന്ന് സ്വിഗ്ഗിയും സമ്മതിക്കുന്നു. മയക്കുമരുന്ന് പോലുള്ളവ കൈമാറ്റം ചെയ്യുന്നു എന്ന് കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും പൊലീസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും സ്വിഗ്ഗി അറിയിച്ചു.
സ്വിഗ്ഗിയിലൂടെ ദുരൂഹ കൈമാറ്റം വ്യാപകം; മയക്കുമരുന്നോ എന്ന് ആശങ്ക, റിപ്പോര്ട്ടര് എസ്ഐടി അന്വേഷണം