സ്ത്രീകൾ അമ്മായിയമ്മയുടെയോ അമ്മയുടെയോ അടിമകളല്ല, അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുത്: ഹൈക്കോടതി

ഹർജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നതു കേൾക്കാൻ കുടുംബകോടതി നിർദേശിച്ചിട്ടുണ്ടെന്നും കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നും ഭർത്താവ് വാദിച്ചു.

dot image

കൊച്ചി: സ്ത്രീകൾ അമ്മായിയമ്മയുടെയോ അമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊട്ടാരക്കര സ്വദേശിനി തന്റെ വിവാഹമോചന ഹർജി കൊട്ടാരക്കര കുടുംബകോടതിയിൽനിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.

ഹർജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നതു കേൾക്കാൻ കുടുംബകോടതി നിർദേശിച്ചിട്ടുണ്ടെന്നും കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നും ഭർത്താവ് വാദിച്ചു. എന്നാൽ ഈ വാദം കോടതി തള്ളി. ഹർജിക്കാരിയും ഇതു സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. അവർക്ക് സ്വന്തമായി ഒരു മനസ്സുണ്ടെന്ന് തിരിച്ചറിയണമെന്ന് അഭിപ്രായപ്പെട്ട സിംഗിൾ ബെഞ്ച് ഹർജി കൊട്ടാരക്കര കുടുംബകോടതിയിൽനിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റാൻ അനുവദിച്ചു.

ആദ്യം നൽകിയ വിവാഹമോചനഹർജി തൃശ്ശൂർ കുടുംബകോടതി തള്ളിയിരുന്നു. തർക്കങ്ങൾ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചുജീവിക്കാൻ നിർദേശിച്ചായിരുന്നു ഹർജി തള്ളിയത്. കുടുംബകോടതിയുടെ നിർദേശം പുരുഷാധിപത്യസ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

dot image
To advertise here,contact us
dot image