വിഴിഞ്ഞത്ത് ഉമ്മന് ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത പിണറായി കാട്ടിയില്ല: കെ സുധാകരന്

അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില് നിന്ന് അതില് കൂടുതല് പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരൻ.

dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവേദിയില് തുറമുഖ മന്ത്രി അഹമ്മദ് ദേവര് കോവില് മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ അനുസ്മരിക്കാന് കാട്ടിയ മാന്യത മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്. തുറമുഖ പദ്ധതിയില് തങ്ങളുടേതായ സംഭാവനകള് നൽകിയ മുന് മുഖ്യമന്ത്രിമാരായ കെ കരുണാകരന്, ഇ കെ നായനാര്, വി എസ് അച്യുതാനന്ദന് എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാല് പിണറായി വിജയന് സര്ക്കാര് പരസ്യം ഉള്പ്പെടെ എല്ലായിടത്തും മുന് മുഖ്യമന്ത്രിമാരെ പൂര്ണമായി അവഗണിച്ചു. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില് നിന്ന് അതില് കൂടുതല് പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു.

അന്തരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരെ പ്രവര്ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാല് വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന് ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5,000 കോടി രൂപയുടെ പദ്ധതിയില് 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന് ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള് നടത്തിയും പദ്ധതി ഇല്ലാതാക്കാന് ശ്രമിച്ചിരുന്നു. അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയന് പ്രവര്ത്തിച്ചു എന്ന് സംശയിക്കണം. ലോബി ഇടപാടില് ഒന്നാം പ്രതി പിണറായി വിജയനാണെന്നും സുധാകരന് ആരോപിച്ചു.

അദാനിയുടെ ആളുകള് ഉമ്മന് ചാണ്ടിയെയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോള് അതില് വീഴാതിരിക്കാന് യുഡിഎഫ് നേതാക്കള് ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സിപിഐഎം കാട്ടിയോയെന്ന് അവരുടെ നേതാക്കള് പ്രതികരിക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന് ചാണ്ടിയുടെ പേരു നൽകണമെന്ന് ആവര്ത്തിച്ച് ആവശ്യപ്പെടുന്നു. സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്കരിക്കാൻ ശേഷിയില്ലാതെ ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സുധാകരൻ പരിഹസിച്ചു. ഉമ്മന് ചാണ്ടി തുടങ്ങിവയ്ക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയില് വീണ്ടും കല്ലിട്ട് സായൂജ്യമടയുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂര് വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്ക്കാരിനു സാധിച്ചില്ലെന്നും സുധാകരന് ചൂണ്ടിക്കാട്ടി.

dot image
To advertise here,contact us
dot image