
തിരുവനന്തപുരം: 2011 മുതൽ കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. ക്രമക്കേടിനെതിരെ 2019 ൽ ആണ് പരാതി ലഭിച്ചത്. സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. പൊലീസും ക്രൈംബ്രാഞ്ചും കേസ് എടുത്തു. കേസിൽ ഉൾപ്പെട്ടവർക്കെതിരേയും ഭരണസമിതിക്കുമെതിരേയും നടപടി എടുത്തെന്നും മന്ത്രി വ്യക്തമാക്കി. കേരളാ ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വി എൻ വാസവന്റെ പ്രതികരണം.
സഹകരണ വകുപ്പും സംഭവം അന്വേഷിച്ചിരുന്നു. 18 എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രമക്കേട് നടത്തിയവരിൽ നിന്ന് നഷ്ടമായ പണം തിരിച്ചു ഈടാക്കുന്നതിന് വേണ്ടി സഹകരണ വകുപ്പിലെ 68,1,2 വകുപ്പുകൾ പ്രകാരം ഹിയറിങ് നടത്തി നടപടികൾ സ്വീകരിച്ചു.
നിക്ഷേപം നഷ്ടപ്പെട്ടവർക്കായി നേരത്തെ പാക്കേജ് പദ്ധതിയിട്ടിരുന്നതായും മന്ത്രി അറിയിച്ചു. ആ പാക്കേജിൽ 73 കോടി രൂപ നിക്ഷേപകർക്ക് തിരിച്ചുകൊടുത്തു. 110 കോടിയോളം നിലവിലുണ്ടായിരുന്ന നിക്ഷേപങ്ങൾ പലിശ കൊടുത്തും വിഹിതം കൊടുത്തും പുനഃക്രമീകരിച്ചു. ഏകദേശം 79 കോടിയോളം തിരിച്ചടവ് വന്നിരിക്കുന്നു. സഹകരണ ക്ഷേമനിധി ബോർഡിൽ നിന്ന് പത്ത് കോടി രൂപ കൊടുക്കാനും തൃശൂർ ജില്ലയിലെ സഹകരണ സംഘങ്ങൾക്ക് നിക്ഷേപമായി 20 കോടി രൂപ നൽകുവാനും അവർക്ക് ലഭിക്കാനുണ്ടായിരുന്ന ഓഹരികൾ വാങ്ങിക്കാനുമായിരുന്നു അന്ന് പാക്കേജിൽ പറഞ്ഞിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബാങ്ക് സ്വർണ പണയത്തിലേക്കും വായ്പാ നടപടികളിലേക്കും കടന്നിരുന്നു. അഞ്ച് കോടിയോളം വായ്പ കൊടുത്തു. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകൾ കൊണ്ടുപോയത് പ്രതിസന്ധിയായെന്നും മന്ത്രി പറഞ്ഞു. 122 ആധാരത്തിന്റെ കോപ്പിയാണ് ഇ ഡി കൊണ്ടുപോയത്. ഈ ആധാരങ്ങളിൽ നിന്നായി 184.5 കോടിയാണ് ബാങ്കിന് ലഭിക്കാനുളളത്. അത് തിരിച്ച് അടയ്ക്കാനായി പലരും എത്തിയിരുന്നു. എന്നാൽ ആധാരമില്ലാത്തതിനാൽ പണം നൽകാനാകാതെ പോയെന്നും മന്ത്രി പറഞ്ഞു.
506.6 1 കോടി രൂപയാണ് ബാങ്കിന് പിരിച്ചുകിട്ടാനുളളത്. ബാങ്ക് കൊടുത്ത് തീർക്കാനുളള സ്ഥിരനിക്ഷേപം 202 കോടി രൂപയാണ്. എല്ലാം കൂട്ടിയാൽ 282.6 കോടി രൂപയാണ് ബാങ്ക് കൊടുത്തുതീർക്കാനുളളത്.
നേരത്തെ എടുത്ത തീരുമാനം നടപ്പിലാക്കുക എന്നതാണ് കൂടിക്കാഴ്ചയിലെടുത്ത തീരുമാനം. കരുവന്നൂർ ബാങ്കിന് 9.40 കോടി രൂപ കൂടി കിട്ടാനുണ്ട്. അത് ആ സംഘങ്ങളിൽ നിന്ന് ഇപ്പോൾ ബാങ്കിന് കൊടുക്കുക. കേരള ബാങ്കിന് കിട്ടാനുളള പഴയ നിക്ഷേപം 12 കോടിയാണ്. 25 ലക്ഷം രൂപ കൺസ്യൂമർഫെഡിന്റെ നിക്ഷേപം കൊടുത്തത് കിട്ടാനുണ്ട്, പത്ത് ലക്ഷം രൂപ ഇരിഞ്ഞാലക്കുട ആശുപത്രിയിൽ നിന്നും ലഭിക്കാനുണ്ട്. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കിൽ നിന്ന് ആയി 15 കോടി രൂപയുടെ നിക്ഷേപം വാങ്ങികൊടുക്കും. ഇത് എല്ലാം ചേർത്ത് 41.75 കോടി രൂപ അടിയന്തരമായി കിട്ടും. റിക്കവറി നടത്തി കിട്ടുന്ന ഒരു ഒമ്പത് കോടി രൂപ കൂട്ടി 50 കോടി രൂപ ഇപ്പൊ കിട്ടും. 50,000 ന് താഴെയുളള പാവപ്പെട്ടവരുടെ നിക്ഷേപം പൂർണമായി തിരിച്ചുകൊടുക്കാൻ പറ്റും. ഒരു ലക്ഷത്തിന് മുകളിൽ നിക്ഷേപമുളളവർക്ക് അരലക്ഷം വെച്ച് ഇപ്പോൾ കൊടുക്കാൻ പറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകാതെ സമീപകാല ഭാവിയിൽ സഹകരണ പുനരുദ്ധാരണ നിധി ബില്ലിന് രൂപംകൊടുത്തിട്ടുണ്ട്. ഗവർണർ ഒപ്പിട്ട് അതിന്റെ ചട്ടം കൂടി രൂപീകരിച്ചാൽ നിധി രൂപം കൊളളും. കേരളാ ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് പോസ്റ്റിൽ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. കരുവന്നൂർ ബാങ്കിന്റെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഈ നടപടികളിലൂടെ സഹകരണ മേഖലയ്ക്ക് ഒരു കളങ്കവുമില്ലാത്ത രൂപത്തിൽ പരിഹരിക്കുന്നതിലേക്ക് എത്തിച്ചേരുമെന്നും വി എൻ വാസവൻ വ്യക്തമാക്കി. റിസർവ് ബാങ്കിനും നബാർഡിനും ഇപ്പോൾ താൻ പ്രഖ്യാപിച്ച പദ്ധതികളിലൊന്നിലും ഇടപെടാനുളള അവകാശമോ അധികാരമോ ഇല്ല. ആർബിഐ പെർമിഷൻ വേണ്ട ഒരു പദ്ധതിയും ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക