
കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില് പരിശോധനക്കയച്ച വവ്വാല് സാമ്പിളുകളില് നിപ വൈറസ് ഇല്ല. ഭോപ്പാല് ലാബിലേക്കയച്ച 42 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായി. വവ്വാല് ഉള്പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള് പരിശോധനക്കയച്ചിരുന്നു.
നിപ ബാധിത മേഖലകളില് നിന്ന് സെപ്തംബര് 21നാണ് സാമ്പിള് ശേഖരിച്ചിരുന്നത്. ഭോപ്പാല് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല് ഡിസീസിലെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. അതേ സമയം കോഴിക്കോട് ജില്ലയില് നിപ ജാഗ്രത തുടരാന് തന്നെയാണ് തീരുമാനം.
മാസ്കും സാനിറ്റൈസറും നിര്ബന്ധമെന്ന് വിദഗ്ധ സമിതി അറിയിച്ചിരുന്നു. നിയന്ത്രണം പൂര്ണമായും പിന്വലിക്കാന് ആയിട്ടില്ലെന്നും പുതിയ നിര്ദേശങ്ങള് പത്ത് ദിവസം ബാധകമാണെന്നും സമിതി നിര്ദേശിച്ചു.
നിലവില് ഐസൊലേഷനില് കഴിയുന്നവര് 21 ദിവസം തുടരണം. സമ്പര്ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
നിപ ഭീതിയില് സെപ്തംബര് 14 ന് അടച്ച ജില്ലയിലെ സ്കൂളുകള് ഇന്ന് രാവിലെ മുതല് പ്രവര്ത്തിച്ചുതുടങ്ങി. മാസ്കും സാനിറ്റൈസറും നിര്ബന്ധമായും കരുതാന് ആരോഗ്യ വകുപ്പിന്റെ നിര്ദേശമുണ്ട്. കണ്ടെയിന്മെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി തുടരും.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക