'വ്യക്തി അധിക്ഷേപം ഹീനമായ കാര്യം'; പിന്തിരിയുമെന്ന് കരുതുന്നത് തെറ്റെന്ന് ആരോഗ്യ മന്ത്രി

'വ്യക്തിപരമായ അധിക്ഷേപങ്ങൾ ബാധിക്കാറില്ല'

dot image

തിരുവനന്തപുരം: വ്യക്തി അധിക്ഷേപം ഹീനമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കെ എം ഷാജിയുടെ പരാമർശത്തിൽ പ്രതികരിക്കാനില്ല. അധിക്ഷേപിക്കുമ്പോൾ പിന്തിരിയുമെന്ന് കരുതുന്നത് തെറ്റാണ്. വ്യക്തിപരമായ അധിക്ഷേപങ്ങൾ ബാധിക്കാറില്ല. വിമർശനങ്ങൾ പോസിറ്റീവായി ഉൾക്കൊള്ളുമെന്നും വീണാ ജോർജ് പറഞ്ഞു. റിപ്പോർട്ടർ ടി വി പ്രത്യേക പരിപാടിയായ റിപ്പോർട്ടർ പ്രസ് കോൺഫറൻസിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ചുമതലയേറ്റത് മുതൽ ഇത്തരം ആരോപണങ്ങൾ നേരിടുന്നുണ്ട്. സംസ്ഥാനത്ത് പേവിഷ ബാധയ്ക്കുളള വാക്സിൻ ഗുണമേന്മയില്ലാത്തതാണെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. സർക്കുലേഷനിൽ മുമ്പിൽ നിൽക്കുന്നുവെന്ന് പറയുന്ന ഒരു പത്രമാണ് ആ വാർത്ത നൽകിയത്. വാക്സിന്റെ ഗുണനിലവാരം നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രസർക്കാർ അംഗീകൃത ലാബിൽ മാത്രമേ പരിശോധന നടത്താൻ സാധിക്കൂ. സംസ്ഥാന സർക്കാരിന്റെ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനം വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് അഡീഷണലായി നിർദേശം വെച്ചിട്ടുമുണ്ട്. വാർത്ത ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കി. വീണ്ടും പരിശോധനയ്ക്ക് അയച്ച് ഗുണനിലവാരമുളളതാണെന്ന് തെളിയിച്ചു. പക്ഷേ ആ വാർത്ത ചെറുതാക്കിയാണ് കൊടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഡോക്ടർ വന്ദനാദാസ് മരിച്ച സമയത്ത് താൻ പറയാത്ത കാര്യം പറഞ്ഞുവെന്ന് വ്യാപകമായി പ്രചരിച്ചു. പിന്നീട് അതും തിരുത്തിയെങ്കിലും അതേ രീതിയിൽ പ്രചരിച്ചില്ല. നിപയുടെ സാഹചര്യത്തിലും അതേ രീതിയിലുളള ആക്രമണം ഉണ്ടാകുന്നുവെന്നത് തന്നെ വ്യക്തിപരമായി ബാധിക്കില്ല. നിപ വന്നപ്പോൾ പ്രതിരോധം പാളി എന്നാണ് ഒരു മാധ്യമം കൊടുത്ത വാർത്ത. ഇത് ആശങ്കയ്ക്കിടയാക്കി. ഇത്രയും കഷ്ടപ്പെട്ടിട്ടും ഇതാണ് ഞങ്ങൾ കേൾക്കുന്നത് എന്നത് ഡോക്ടർമാരേയും നിരാശയിലാക്കി. ഇത് വലിയ തെറ്റാണെന്നും വ്യക്തി അധിക്ഷേപം തന്റെ ടീമിനെ കൂടി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുരംഗത്തുളള സ്ത്രീകൾക്കെതിരെ, പൊതുപ്രവർത്തകരുടെ ഭാര്യമാർക്കെതിരെയും കുടുംബാംഗങ്ങൾക്കുമെതിരേയുമുളള ആക്ഷേപങ്ങൾ ഹീനമായ കാര്യമാണ്. ഏത് മേഖലയിൽപ്പെട്ട സ്ത്രീകൾക്ക് എതിരെയുളള ആക്ഷേപിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. ഒരു പുരോഗമന സമൂഹത്തിന് ഒരിക്കലും ചേരാത്ത കാര്യമാണത്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. സാമൂഹികമാധ്യമങ്ങളെ ശരിയായ രീതിയിൽ ഉപയോഗിക്കണം എന്നാണ് പറയാനുളളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. പുതിയ പോസിറ്റീവ് കേസുകൾ ഇല്ല എന്നത് ആശ്വാസ്യകരമായ കാര്യമാണ്. ശനിയാഴ്ച അഞ്ച് സാംപിളുകൾ പരിശോധിച്ചിരുന്നു. അഞ്ചും നെഗറ്റീവ് ആണ്. പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ സാധിച്ചു.1106 സാംപിളുകൾ പരിശോധിക്കാൻ സാധിച്ചു. ഒമ്പത് വയസുകാരന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

താരതമ്യം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് കെ കെ ശൈലജയുമായി താരതമ്യം ചെയ്യുന്നതിനെകുറിച്ചുളള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. ശൈലജ ടീച്ചറും ശ്രീമതി ടീച്ചറും വളരെ പ്രഗൽഭമായി വകുപ്പിനെ കൊണ്ടുപോയിട്ടുളളവരാണ്. താരതമ്യം ചെയ്യുന്നത് വ്യക്തിപരമായി ബാധിക്കാറില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image