
കൽപ്പറ്റ: കർണാടകയിൽ നിന്ന് വയനാട് വഴി കേരളത്തിലേക്ക് വൻ ലഹരിക്കടത്ത്. കബനി നദിയിലൂടെയും അതിർത്തിയിലെ ഊടുവഴികളിലൂടെയുമാണ് കഞ്ചാവ് സുലഭമായി ഒഴുകുന്നതെന്നാണ് റിപ്പോർട്ടർ അന്വേഷണത്തിൽ വ്യക്തമായത്.
കേരളവും കർണാടകയുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വനഗ്രാമമാണ് വൈരക്കുപ്പ. വൻതോതിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കേരളത്തിലേക്ക് ഒഴുകുന്നു എന്ന വിവരത്തെ തുടര്ന്നായിരുന്നു റിപ്പോർട്ടർ സംഘം ഇവിടെയെത്തിയത്. യുവാക്കളടക്കം നിരവധിപേർ എക്സൈസിന്റെയും പൊലീസിന്റെയും പിടിയിലാകുമ്പോഴും ഊടുവഴികളിലൂടെയും മറ്റും പൊലീസിന്റെ കണ്ണുവെട്ടിച്ച് ലഹരി കടത്തുന്നത് വ്യാപകമായി നടക്കുന്നു.
ഗ്രാമത്തിലെത്തിയ ഉടൻ ചില ഇടനിലക്കാരും വിതരണക്കാരും റിപ്പോർട്ടർ സംഘത്തെ സമീപിച്ചു. കൂടുതൽ അളവിൽ കഞ്ചാവ് വേണമെന്ന് അറിയിച്ചപ്പോൾ മറ്റൊരു വീട്ടിലേക്കായിരുന്നു റിപ്പോർട്ടർ സംഘത്തെ ഇടനിലക്കാർ കൊണ്ടുപോയത്. പിന്നീട് വൈകിട്ട് വരാൻ പറഞ്ഞ് മടക്കി അയക്കുകയും ചെയ്തു. കഞ്ചാവ് കടത്തുന്നതിനുള്ള കുറുക്കു വഴികളും മാർഗങ്ങളും ഏജന്റുമാർ തന്നെ വിശദീകരിക്കും.
ഈ ഭാഗത്ത് എല്ലാ വീട്ടിലും കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്നാണ് മുമ്പ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്ന സംഘവുമായി ബന്ധമുണ്ടായിരുന്നയാൾ റിപ്പോർട്ടറിനോട് പറഞ്ഞത്. ഊർജിത പരിശോധന നടത്തുന്നുണ്ടെങ്കിലും എക്സൈസ് ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ലഹരികടത്ത് തടയാനാകുന്നില്ലെന്നാണ് ആക്ഷേപം.