
കോഴിക്കോട്: കോഴിക്കോട് നിപ ഭീതിയൊഴിയുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാമ്പിളുകളുടേയും പരിശോധന ഫലം നെഗറ്റീവാണ്. ചികിത്സയിൽ കഴിയുന്ന ഒൻപതു വയസ്സുള്ള കുട്ടിയടക്കം നിപ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യം രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായി. നിലവിൽ 994 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളില് വൈറസ് സാന്നിധ്യം ഉണ്ടായിട്ടില്ല. വവ്വാലുകളില് നിന്നും ശേഖരിച്ച സ്രവ പരിശോധനയില് 36 സാംപിളുകളുടെ ഫലവും നെഗറ്റീവ് ആയി.
വവ്വാലുകളിലും ചില മൃഗങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വവ്വാലുകളിലെ സ്രവ പരിശോധന നെഗറ്റീവ് ആയതിനാല് ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്.
നിപ ബാധിച്ച് ഓഗസ്റ്റ് 30 ന് മരിച്ച കളളാട് മുഹമ്മദ് അലിയുടെ വീട്ടു പരിസരം ഉള്പ്പടെയുളള പ്രദേശങ്ങളില് നിന്നുളള വവ്വാലുകളുടെ സ്രവമാണ് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിദഗ്ധര് പരിശോധനയ്ക്കയച്ചിരുന്നത്. നിപ വൈറസ് ബാധിച്ച മുന് വര്ഷങ്ങളില് നടത്തിയ പരിശോധനകളില് വവ്വാലുകളില് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല് വവ്വാലുകളില് നിന്ന് മനുഷ്യരിലേക്ക് രോ?ഗം പകര്ന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതില് വ്യക്തതയുണ്ടെങ്കിലേ രോഗപ്രതിരോധ നടപടി പൂര്ണതോതില് ഫലപ്രദമാകൂവെന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. 2018ലും 2021ലും ഇത്തവണയും മനുഷ്യരില് പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.