നിപ ഭീതിയൊഴിയുന്നു; 71 പരിശോധനാ ഫലം നെഗറ്റീവ്, നിയന്ത്രണങ്ങളിൽ അയവ്

നിപ ആശങ്ക കുറഞ്ഞതോടെ കണ്ടയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ചെറിയ അയവ് വരുത്തി കളക്ടർ ഉത്തരവിട്ടു

dot image

കോഴിക്കോട്: കോഴിക്കോട് നിപ ഭീതിയൊഴിയുന്നു. മലപ്പുറം ജില്ലയിലേത് ഉൾപ്പെടെ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലുള്ള 71 പേരുടെയും പരിശോധനാ ഫലം ഇന്നലെ നെഗറ്റീവ് ആയി. ഇതുവരെ ആകെ 218 സാമ്പിളുകളാണ് നെഗറ്റിവ് ആയത്. അവസാനം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയും ഇതിൽ ഉൾപ്പെടുന്നു. രണ്ടാമത് മരിച്ച മംഗലാട്ട് സ്വദേശിയുടെ പ്രൈമറി കോൺടാക്ടും നെഗറ്റീവാണ്. നിപ ആശങ്ക കുറഞ്ഞതോടെ കണ്ടയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ചെറിയ അയവ് വരുത്തി കളക്ടർ ഉത്തരവിട്ടു.

എന്നാൽ മാസ്കും സാനിറ്റെസറും നിർബന്ധമാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും കർശന നിർദ്ദേശമുണ്ട്. കണ്ടയിൻമെന്റ് സോണുകളിലെ കടകമ്പോളങ്ങൾ രാത്രി 8 മണി വരെയും ബാങ്കുകൾ ഉച്ചക്ക് 2 മണി വരെയും പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാം എന്നതാണ് കളക്ടറുടെ ഉത്തരവിലെ പുതിയ നിർദ്ദേശം. കോഴിക്കോട് നിന്ന് ശേഖരിച്ച് അയച്ച 136 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി വരാനുള്ളത്. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 1270 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.

ഇന്നലെയോടെ മൂന്നാം ദിവസവും കോഴിക്കോട് ഒരാൾക്ക് പോലും പുതുതായി നി റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധിതർക്കായി നിപ പ്രോട്ടോക്കോൾ പ്രകാരം 75 മുറികളാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയിരുന്നത്. ഇതിൽ 60 മുറികൾ ഒഴിവുണ്ട്. നിലവിൽ ചികിത്സയിലുള്ള നാല് പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കേരളത്തിൽ എത്തിയ രണ്ട് കേന്ദ്രസംഘങ്ങൾ മടങ്ങി. നിപ രോഗസാധ്യതാ കലണ്ടർ തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image