
കൊച്ചി: എറണാകുളം തേവര സ്വദേശി ഗോവയിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കൊലപാതകവുമായി ബന്ധമുള്ള രണ്ടുപേരുടെ വിവരങ്ങൾ കൂടി അന്വേഷകസംഘത്തിന് ലഭിച്ചു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കും. അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും. 27 വയസുള്ള ജഫ് ജോൺ ലൂയിസ് ആണ് കൊല്ലപ്പെട്ടത്.
വടക്കൻ ഗോവയിലെ ആളൊഴിഞ്ഞ കുന്നിൻപ്രദേശത്ത് വച്ചാണ് ജെഫ് ജോണിനെ കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. പിടിയിലായ അനിൽ ചാക്കോ , സ്റ്റെഫിൻ തോമസ്, വി വിഷ്ണു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിൽ പങ്കുള്ള മറ്റ് രണ്ട് പേരെ കുറിച്ചുള്ള നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ലഹരിക്കടത്തും, സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.