
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ യുവാവിന് ഒരു കുരങ്ങൻ കൊടുത്തത് എട്ടിന്റെ പണി. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് വന്ന സഞ്ചാരിയുടെ ഐ ഫോൺ കൊക്കയിലേക്ക് എറിഞ്ഞായിരുന്നു കുട്ടിക്കുരങ്ങന്റെ കുസൃതി. വയനാട് ചുരത്തിലെ വ്യൂ പോയിന്റിൽ കാഴ്ച കാണാനായി ഇറങ്ങിയ സഞ്ചാരിയുടെ 75,000 രൂപ വിലമതിക്കുന്ന ഐ ഫോൺ ആണ് നിർത്തിയിട്ടിരുന്ന ജീപ്പിൽ നിന്നും തട്ടിയെടുത്ത് കുരങ്ങൻ ചുരത്തിലെ കൊക്കയിലേക്ക് എറിഞ്ഞത്.
അഗ്നിശമനസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് കൊക്കയിൽ ഇറങ്ങി ഫോൺ കണ്ടെടുത്ത് ഉടമസ്ഥന് കൈമാറി. ദൗത്യത്തിൽ പങ്കാളികളായ കൽപ്പറ്റ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ പി എം ഫയർമാൻമാരായ അനൂപ്, ധനീഷ് കുമാർ, ജിതിൻ കുമാർ, ഷറഫുദ്ദീൻ ഹോം ഗാർഡ് കെ ബി പ്രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.