ജയിലിൽ ചന്ദ്രബാബു നായിഡുവിന് പ്രത്യേകം സജ്ജീകരിച്ച മുറി; ആന്ധ്രയിൽ ടിഡിപി ബന്ദ്

വൻ സുരക്ഷയാണ് ചന്ദ്രബാബു നായിഡുവിനെ പാർപ്പിച്ചിരിക്കുന്ന രാജമുണ്ട്രി സെൻട്രൽ ജയിലിന് ഏർപ്പെടുത്തിയിരിക്കുന്നത്

dot image

അമരാവതി: തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിൽ ടിഡിപി ബന്ദിന് ആഹ്വാനം ചെയ്തു. വ്യാപക പ്രതിഷേധമാണ് ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. പ്രതിഷേധക്കാര് ചിറ്റൂരിൽ സർക്കാർ വാഹനം എറിഞ്ഞു തകർത്തു. രാജമുണ്ട്രിയിൽ ഈസ്റ്റ് ഗോദാവരി ജില്ലാ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

വൻ സുരക്ഷയാണ് ചന്ദ്രബാബു നായിഡുവിനെ പാർപ്പിച്ചിരിക്കുന്ന രാജമുണ്ട്രി സെൻട്രൽ ജയിലിന് ഏർപ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ചന്ദ്രബാബു നായിഡുവിന് ഭക്ഷണവും മരുന്നും ലഭ്യമാകുന്ന, പ്രത്യേക സൗകര്യങ്ങളുളള മുറിയാണ് ജയിലിൽ നൽകിയിട്ടുളളത്. ഭീഷണിയുളളതിനാൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ചന്ദ്രബാബുവിന് നൽകിയിരിക്കുന്നത്.

ശനിയാഴ്ച നന്ദ്യാലയിലെ ഒരു കല്യാണ മണ്ഡപത്തിന് പുറത്തുനിന്ന് ആണ് ചന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തത്. 371 കോടിയുടെ ആന്ധ്ര നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിലാണ് അറസ്റ്റ്. അഴിമതിയിൽ നായിഡുവിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാൻ 24 മണിക്കൂർ മതിയാകില്ലെന്ന് ജുഡീഷ്യൽ കസ്റ്റഡി ഉത്തരവിട്ട ജഡ്ജി പറഞ്ഞിരുന്നു.

പത്ത് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് ചന്ദ്രബാബു നായിഡുവിനെ കോടതിയില് ഹാജരാക്കിയത്. അറസ്റ്റിനെ രൂക്ഷമായി വിമര്ശിച്ച് ജനസേന പാര്ട്ടി നേതാവും നടനുമായ പവന് കല്ല്യാണ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്ക്കാനാണ് അറസ്റ്റെന്ന് പവന് കല്ല്യാണ് ആരോപിച്ചു. യാതൊരു തെളിവുമില്ലാതെയാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. ഈ സര്ക്കാര് ജനസേന പാര്ട്ടിയോട് എന്താണ് ചെയ്തതെന്ന് നിങ്ങള് എല്ലാവരും കണ്ടതാണെന്നും ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ അപലപിച്ച് പവന് കല്ല്യാണ് പറഞ്ഞിരുന്നു. ചിലയിടങ്ങളില് പൊലീസും പ്രവര്ത്തകരും തമ്മില് സംഘര്ഷമുണ്ടാകുന്ന സാഹചര്യവുമുണ്ടായി.

dot image
To advertise here,contact us
dot image