
കോഴിക്കോട്: കര്ഷകര്ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന പരാമര്ശത്തിൽ ജയസൂര്യയ്ക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. മന്ത്രിമാരുള്ള വേദിയിൽ ഭവ്യതയോടെ നിൽക്കുന്ന കലാ-സാഹിത്യ പ്രവർത്തകരാണ് എല്ലായിടത്തും. അവർക്കിടയിൽ ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ തുറന്നു കാട്ടിയ ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് ജോയ് മാത്യു പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.
'മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുത് താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരന്ണെമാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!,' ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ കാര്ഷികോത്സവ വേദിയില് വെച്ചായിരുന്നു ജയസൂര്യ നെല് കര്ഷകര്ക്ക് സംഭരണ തുക നൽകുന്നില്ല എന്ന് സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ചത്. കര്ഷകര് അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള് നിറവേറ്റണമെന്നുമാണ് നടന് വേദിയില് പറഞ്ഞത്.
സപ്ലൈകോയില് നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല് തിരുവോണ ദിനത്തില് പല കര്ഷകരും ഉപവാസ സമരത്തിലാണ്. പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര് കൃഷിക്കാര്ക്ക് എന്താണ് സര്ക്കാരില് നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നും മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടന് പറഞ്ഞു. തന്റെ സുഹൃത്തായ നടന് കൃഷ്ണപ്രസാദിന് അഞ്ച്, ആറ് മാസമായി സപ്ലൈക്കോയില് നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു.
എന്നാല് നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുന്പ് കൊടുത്തു തീര്ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും പി പ്രസാദ് മറുപടി നല്കിയിരുന്നു. കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാന് അല്പമെങ്കിലും വൈകിയതെന്നും പി പ്രസാദ് വിശദീകരിച്ചു.