
തിരുവനന്തപുരം: ഓണം ബംബർ ലോട്ടറി വിൽപ്പന ഉത്രാട ദിനത്തിൽ റെക്കോർഡിട്ടു. രണ്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് ഉത്രാട ദിവസം വിറ്റത്. ഓണം ബംബറിന്റെ രണ്ടാമത്തെ ഉയർന്ന വിൽപന രേഖപ്പെടുത്തിയത് ഉത്രാട ദിവസമാണ്. ഓണം ബംബർ ടിക്കറ്റുകളുടെ ആകെ വിൽപന 36 ലക്ഷമായി.
ഉത്രാട പാച്ചിലിനിടെ ഓണം ബംബർ വാങ്ങാനും മലയാളി സമയം കണ്ടെത്തി. ഉത്രാട ദിവസമായ തിങ്കളാഴ്ച മാത്രം വിറ്റത് 1,96,865 ടിക്കറ്റുകളാണ്. ഓണം ബംബർ വിൽപന തുടങ്ങി പതിനാറാം ദിവസം 2,26000 ടിക്കറ്റുകൾ വിറ്റുപോയിരുന്നു. പുതിയ സീരിയൽ നമ്പർ ടിക്കറ്റുകൾ വിപണിയിൽ എത്തിയതിനെ തുടർന്നായിരുന്നു ഈ റെക്കോർഡ് വിൽപ്പന. അതിന് ശേഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് ഉത്രാടത്തിനാണ്. തിങ്കളാഴ്ച വരെ വിറ്റ ആകെ ടിക്കറ്റുകളുടെ എണ്ണം 35,94,540 ആണ്.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകളുടെ വർധനയുണ്ടെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. വിൽപന ഈ രീതിയിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ വർഷത്തേക്കാൾ ചുരുങ്ങിയത് 15 ലക്ഷത്തോളം ടിക്കറ്റുകളെങ്കിലും അധികമായി വിൽക്കാനാകുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. നിലവിൽ 50 ലക്ഷം ടിക്കറ്റുകൾ പ്രിന്റ് ചെയ്തു കഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്യുമെന്ന് ഉറപ്പാണ്. എത്ര ടിക്കറ്റുകൾ അധികം പ്രിന്റ് ചെയ്യണമെന്ന് കണക്കുകൾ പരിശോധിച്ച ശേഷം അടുത്തയാഴ്ച തീരുമാനിക്കും. 25 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 20നാണ്.