
കോട്ടയം: തിരുവോണ ദിനത്തില് പാചക വിദഗ്ധന് പഴയിടം മോഹന് നമ്പൂതിരിയെ കണ്ട് റിപ്പോര്ട്ടര് ടി വി കണ്സള്ടിംഗ് എഡിറ്റര് ഡോ. അരുണ്കുമാര്. പ്രഭാത പരിപാടിയായ 'കോഫി വിത്ത് അരുണിന്റെ' ഓണം പ്രത്യേക എപ്പിസോഡ് കോട്ടയത്ത് പഴയിടത്തിന്റെ വീട്ടില്വെച്ചാണ് ഒരുക്കിയിരിക്കുന്നത്. ഓണാശംസകള് നേര്ന്ന ഇരുവരും പരസ്പരം ഓണസമ്മാനം കൈമാറി.
ഇക്കഴിഞ്ഞ സ്കൂള് കലോത്സവത്തില് പഴയിടം ഒരുക്കിയ സദ്യയിൽ വെജിറ്റേറിയന് ഭക്ഷണം മാത്രം വിളമ്പുന്നത് സംബന്ധിച്ച് അരുണ്കുമാര് പങ്കുവെച്ചപോസ്റ്റ് ഏറെ വിവാദമായിരുന്നു. ശേഷം ഇരുവരും തമ്മില് കൂടിക്കാഴ്ച്ച നടത്തുന്നത് ആദ്യമാണ്. തിരുവോണ ദിവസത്തില് ഇത്തരമൊരു കൂടിക്കാഴ്ച്ച ഒരുക്കിയതില് സന്തോഷമെന്ന് പഴയിടം പ്രതികരിച്ചു.
'ഇന്ന് താങ്കളാണ് മാവേലി. ഓണദിവസം തന്നെ കണ്ടതില് സന്തോഷമുണ്ട്. അന്നത്തെ പോസ്റ്റ് അസ്വസ്ഥപ്പെടുത്തിയിരുന്നു.' പഴയിടം പ്രതികരിച്ചു.
അതേസമയം 'എന്റെ പോസ്റ്റ് നിയന്ത്രണങ്ങള്ക്കും അപ്പുറത്തേക്ക് കാട്കയറിപോയി. ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ അപമാനിക്കുന്ന പോസ്റ്റ് ആയിരുന്നില്ല. മണിക്കൂറുകള്ക്കുള്ളില് പോസ്റ്റ് എനിക്ക് പോലും നിയന്ത്രിക്കാന് കഴിയാത്ത വിധം തീപിടിച്ച് പടര്ന്നു. ആ ദിവസം ഇന്ത്യയിലുണ്ടായിരുന്നില്ല. ദുബൈയിലായിരുന്നു. പിറ്റേദിവസം ഉണരുമ്പോള് പോസ്റ്റ് കാട്ടുതീപോലെ പടര്ന്നിരുന്നു. അന്ന് പഴയിടം എടുത്ത നിലപാട് വ്യക്തിപരമായി എന്നെ വിഷമിപ്പിച്ചു. പിന്നീട് രാഷ്ട്രീയകോണുകള് ഏറ്റെടുക്കുകയായിരുന്നു. രണ്ട് പേരുടേയും കൈയ്യില് നിന്നും പോവുകയായിരുന്നു.' എന്ന് അരുണ്കുമാര് പറഞ്ഞു.
ചീട, നാലുപ്പേരി, ശര്ക്കരവരട്ടി എന്നിവ അടങ്ങുന്ന സമ്മാനമാണ് പഴയിടം അരുണിന് നല്കിയത്.