
മലപ്പുറം: താനൂർ കസ്റ്റഡിക്കൊല പുറത്തുകൊണ്ടുവന്ന റിപ്പോർട്ടർ ടിവിക്ക് അഭിനന്ദനങ്ങളെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. സത്യം പുറത്തുവരാതിരിക്കാൻ ഉന്നതർ ശ്രമിച്ചുവെന്നും എല്ലാവരേയും സ്വാധീനിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. ഇതിനുപിന്നിലെ ഉന്നതരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ മാറ്റണം. എസ് ഐ കൃഷ്ണലാൽ നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ കേസ് എടുത്തത് ക്രൂരമാണെന്നും ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.
കൃഷ്ണലാലിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. മലപ്പുറം ജില്ലയെ കുറ്റവാളികളുടെ ജില്ലയാക്കി മാറ്റാനാണ് എസ്പി ശ്രമിച്ചത്. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുമെന്നും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
അതേസമയം, ചേളാരിയിൽ വെച്ച് ഡാൻസാഫ് സംഘം 12 പേരെ പിടികൂടിയിട്ട് താമിർ ജിഫ്രിയെ മാത്രം ക്രൂരമായി മർദ്ദിച്ചതിന് പിന്നിൽ ദുരൂഹതയുണ്ട്. താമിർ ആരുടേയോ പേര് പറഞ്ഞ ശേഷമായിരുന്നു ക്രൂരമർദ്ദനമെന്ന് കൂടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന താമിറിൻറെ സുഹൃത്ത് റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. വെറും എംഡിഎംഎ കേസല്ല ഇതെന്നും ഇതിന് പിന്നിൽ വേറെ എന്തോ വലിയ കഥയുണ്ടെന്ന് താനൂർ എസ്ഐ കൃഷ്ണലാലും പറയുന്നു.
12 പേരെ പിടികൂടിയ കേസിൽ അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. താമിർ ജിഫ്രി കൊല്ലപ്പെട്ടതോടെ ഏഴ് പേരെ വിട്ടയച്ചു. അന്ന് രാത്രി മുഴുവൻ ഈ ഏഴ് പേർ ഡാൻസാഫ് കസ്റ്റഡിയിൽ ആയിരുന്നു. അടുത്ത ദിവസം കഞ്ചാവ് കേസിൽ കൊടുക്കാനായിരുന്നു നീക്കം. ഇരുമ്പ് പൈപ്പും ലാത്തിയും ഉപയോഗിച്ച് മർദ്ദിച്ചുവെന്നും താമിറിന്റെ സുഹൃത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. ക്രൂരമർദ്ദനവും മരണകാരണമായെന്ന് താമിറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. താമിറിനെ മാത്രം മർദ്ദിച്ചതിൽ ദുരൂഹതയുണ്ടെന്ന് എസ്ഐ കൃഷ്ണലാല് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.