
May 21, 2025
09:03 PM
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി അഡ്വക്കേറ്റ് കെ വി മനോജ് കുമാറിന് വീണ്ടും നിയമനം നൽകി. മന്ത്രിസഭാ യോഗത്തിൻേറതാണ് തീരുമാനം. ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് 2020ൽ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റ മനോജ് കുമാറിന്റെ കാലാവധി ജൂണ് 28നാണ് അവസാനിച്ചത്. കണ്ണൂർ ജില്ലയിലെ തലശേരി സ്വദേശിയാണ് മനോജ് കുമാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം മനോജ് കുമാറിനെ വീണ്ടും ചെയർമാനായി പരിഗണിക്കുകയായിരുന്നു.
അതേസമയം, ഈ വര്ഷം ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാനാണ് മന്ത്രിസഭാ യോഗത്തില് തീരുമാനമായത്. മഞ്ഞക്കാർഡ് ഉള്ളവര്ക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് സർക്കാർ തീരുമാനം. അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
ഓണക്കിറ്റിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്ക്ക് 20,000 കിറ്റുകളാണ് നല്കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.