
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎയുടെ വധശ്രമ പരാതിയും മുൻ എംഎൽഎ ജോർജ് എം തോമസ് പണം വാങ്ങി പോക്സോ കേസ് ഒതുക്കാനിടപെട്ടു എന്ന ആരോപണവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പരാതി വന്നിട്ടും ജോർജ് എം തോമസിന് എതിരായ പരാതിയും തൃശൂരിലെ ഡിവൈഎഫ്ഐ നേതാവിന് എതിരായ പരാതിയും പാർട്ടിയുടെ പൊലീസ് സ്റ്റേഷനിലും കോടതിയിലുമാണ് തീർപ്പാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇടതുപക്ഷ എംഎല്എക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ല. നാളെ കുട്ടനാട് എംഎല്എക്ക് എന്തെങ്കിലും പറ്റിയാൽ ആരാകും ഉത്തരവാദിയെന്ന് വി ഡി സതീശന് ചോദിച്ചു. എന്നാൽ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്ന് തോമസ് കെ തോമസും പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
തോമസ് കെ തോമസ് നൽകിയ പരാതിയാണ് പ്രതിപക്ഷം അടിയന്തരപ്രമേയമായി നിയമസഭയിൽ ഉന്നയിച്ചത്. തോമസ് കെ തോമസിൻെറ പരാതിയിൽ കാര്യമായ നേട്ടം ഉണ്ടായില്ലെങ്കിലും ജോർജ് എം തോമസിന് എതിരായ ആരോപണവും തൃശൂരിലെ ഡിവൈഎഫ്ഐ നേതാവിനെതിരായ പരാതിയും സഭാതലത്തിലെത്തിക്കാനായത് പ്രതിപക്ഷത്തിന് നേട്ടമാവും എന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ പക്ഷം.